കോഴിക്കോട്: പഴയ കാലത്തു സ്ത്രീകൾ ശബരിമലയിൽ പോകാതിരുന്നത് അന്നത്തെ യാത്ര വളരെ ദുഷ്കരമായതുകൊണ്ടാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ സ്ത്രീകൾ മാത്രമാണ് അന്നത്തെ കാലത്തു ശബരിമലയിൽ പോയിരുന്നത്. എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു അവർ ശബരിമല ദർശനം നടത്തിയത്. എന്നാൽ ഇന്നു സ്ഥിതി മാറി. നല്ല ഗതാഗത സൗകര്യമുണ്ട്.
മകരവിളക്ക് കാലത്തു മല കയറുന്നതിനിടെ കുഴഞ്ഞു വീണവരുടെ ജീവൻ രക്ഷിക്കാൻ കർമനിരതരായ ഏയ്ഞ്ചൽസ് വോളണ്ടിയർമാർക്കു കാലിക്കട്ട് പ്രസ് ക്ലബ്ബിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഥമ ശുശ്രൂഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഥമ ശുശൂഷയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന അറിവ് വിദ്യാർഥി കാലഘട്ടത്തിൽ തന്നെ പകർന്നു നൽകണം. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകണം.
ഇത്തവണ ശബരിമലയിൽ ഹൃദയാഘാതത്താലും പാമ്പുകടിയേറ്റും മരിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ചികിത്സാസൗകര്യം ഉറപ്പുവരുത്തിയതും ഏയ്ഞ്ചൽ പോലുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലുമാണു സഹായകമായത്. മുൻകാലങ്ങളെ അപേക്ഷിച്ചു ശബരിമലയിൽ സൗകര്യങ്ങൾ വർധിച്ചിട്ടും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ സംഭവിക്കുന്നുണ്ട്. ഹൃദയാഘാതം വന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പു നൽകേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ചു കാര്യമായ ബോധവത്കരണം ഉണ്ടാകാത്തതാണു പ്രശ്നം.ഇതിനു മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
വോളണ്ടിയർമാർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. എയ്ഞ്ചൽസ് വൈസ് ചെയർമാൻ മാത്യു കുട്ടിക്കാന അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, പി. ശ്രീധരൻപിള്ള. ഡോ. അജിൽ അബ്ദുല്ല, കെ. പ്രേംനാഥ്, ഡോ. ബാലസുബ്രഹ്മണ്യൻ, കെ.പി. മുസ്തഫ, ബിജു എന്നിവർ പ്രസംഗിച്ചു.