കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാവിട്ട വാക്ക് പൊന്നാക്കാന് ബിജെപി. ശബരിമലയില് യുവതികള് കയറാനിടയായതില് ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രിതന്നെ തുറന്നുപറഞ്ഞതാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണായുധമാക്കുന്നത്.
ശബരിമല വിഷയം പ്രചാരണ വിഷയമാക്കിയ കോണ്ഗ്രസിനും മന്ത്രിയുടെ വാക്കുകള് സുവര്ണാവസരമാണ് ഒരുക്കിയത്. അതേസമയം ഖേദ പ്രകടനത്തില് സിപിഎം പ്രവര്ത്തകര്ക്കും അണികള്ക്കും അമര്ഷമുണ്ട്. ഇക്കാര്യം ബ്രാഞ്ച്, ലോക്കല് കമ്മിറ്റികളില് വരെ അഭിപ്രായമായി ഉയര്ന്നുവന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തില് വിവാദമാവുന്ന പരാമര്ശങ്ങള് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് സിപിഎം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പില് ശബരിമല ചര്ച്ചയാക്കിയത് കോണ്ഗ്രസാണ്. ശബരിമല വിധി ഐശ്വര്യകേരള യാത്രയില് ഉന്നയിച്ചിരുന്നു.
ശബരിമലയില് കൈപൊള്ളിയ എല്ഡിഎഫ് വര്ഗീയത ആരോപിക്കുമ്പോള് പ്രതിരോധം തീര്ക്കുന്നതിന് വേണ്ടിയായിരുന്ന കോണ്ഗ്രസ് ശബരിമല വീണ്ടും ചര്ച്ചയാക്കി മാറ്റിയത്. ഇതോടെ ബിജെപിയും വിഷയം ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് വിഷയത്തില് നിലപാട് വ്യക്തമാക്കി കടകംപളളിയും രംഗത്തെത്തിയത്.
ശബരിമല സംബന്ധിച്ച ചര്ച്ച ഉയരാന് ഇടനല്കരുതെന്ന നിലപാടായിരുന്നു സിപിഎം നേരത്തേ തീരുമാനിച്ചത്. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മന്ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല് അതിനോട് സിപിഎം പ്രതികരിച്ചില്ല.
വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോണ്ഗ്രസ് വീണ്ടും സജീവമായി രംഗത്തെത്തി. എന്നാല് സുപ്രീംകോടതിവിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചര്ച്ചചെയ്തും സമവായത്തിലൂടെയും ആകുമെന്നായിരുന്നു സിപിഎം വിശദീകരണം. മന്ത്രിയുടെ പ്രതികരണത്തോടെ പാര്ട്ടി നയം തെറ്റായിരുന്നുവെന്ന സന്ദേശമാണ് ഉയര്ത്തിയത്.
അതേസമയം ഇനിയും ശബരിമലയുമായി ബന്ധപ്പെട്ട് കൂടുതല് പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.
പിന്നില് വോട്ടുബാങ്ക് രാഷ്ട്രീയം
നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ ഇടതുപക്ഷത്തിന് വാക്കിലും പ്രവര്ത്തിയിലും പിന്നോട്ട് പോകേണ്ട അവസ്ഥ ഏറെ പരിതാപകരമാണെന്നാണ് ബിജെപി പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിന്റെ നിലപാട് മാറ്റം സംബന്ധിച്ച അഭിപ്രായം ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
“”വിശ്വാസികളുടെ കരുത്ത് വ്യക്തമായി അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ഭരണമുന്നണി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും, പാര്ട്ടി അണികളുടെ അമര്ഷങ്ങളും, ഗൃഹസമ്പര്ക്കങ്ങളില് ലഭിച്ച അഭിപ്രായ ശേഖരണങ്ങളും അടിസ്ഥാനമാക്കിയാണ് തിരുത്തല് നയത്തില് സിപിഎം എത്തി നില്ക്കുന്നത്.
ഭക്തസമൂഹത്തെ വിശ്വാസത്തിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാന് വ്യഗ്രത കാട്ടിയ സിപിഎമ്മിന് കാലം കരുതിവച്ച മറുപടിയാണ്, സുപ്രീം കോടതിയുടെ അന്തിമ വിധി വിശ്വാസികളുമായി ചര്ച്ച ചെയ്യുമെന്ന പറഞ്ഞ നിലപാടു മാറ്റം.
ശബരിമലയില് ആക്ടിവിസ്റ്റുകളായ യുവതികളെ കയറ്റി ആചാരലംഘനം നടത്താന് ഒത്താശ ചെയ്തത് തെറ്റായി പോയെന്ന് പരസ്യമായി പറഞ്ഞ് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈന്ദവ വിരുദ്ധത മുഖമുദ്രയാക്കിയ ഇടതുപക്ഷ രാഷ്ട്രീയത്തില്നിന്നും നല്ലതൊന്നും കേരള സമൂഹം പ്രതീക്ഷിക്കേണ്ടതില്ലെന്ന് തിരിച്ചറിയേണ്ടതാണ്.
വിശ്വാസികളുടെ വിശ്വാസങ്ങളെ തിരികെ പിടിക്കാനുള്ള കുടില തന്ത്രമായി വേണം ഈ നിലപാടു മാറ്റത്തേയും കാണാന്. നാമജപ പ്രതിഷേധങ്ങളെ ക്രമസമാധാനം തകര്ക്കുന്ന സംഭവങ്ങളായി പര്വതീകരിച്ച് കേസെടുത്ത സര്ക്കാരാണ്, തീവ്രസ്വഭാവങ്ങളില്ലാത്ത കേസുകള് പിന്വലിക്കുമെന്ന് ഉത്തരവിറക്കി ഭക്തരെ വീണ്ടും പരിഹസിച്ചത്.
ഹൈന്ദവ ജനത അഭിമുഖീകരിക്കുന്ന വിഷയങ്ങളില് ഒന്നു മാത്രമേ ആകുന്നുള്ളൂ ശബരിമല. ദേവസ്വം ബോര്ഡുകള് രാഷ്ട്രീയ മുക്തമാക്കണമെന്ന് ആവശ്യത്തിലും, നഷ്ടപ്പെട്ട ക്ഷേത്ര ഭൂമികള് തിരികെ പിടിക്കണമെന്ന ആവശ്യത്തിലുംകൂടി ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കണ”മെന്നും ബിജെപി ആവശ്യപ്പെട്ടു.