തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാവില്ലെന്ന താഴമൺ കുടുംബത്തിന്റെ അവകാശ വാദത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. തന്ത്രമാരെ മാറ്റിയ ചരിത്രം മുമ്പും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. തെറ്റുകണ്ടാൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരം ഉണ്ടെന്നും മന്ത്രി അറിയിച്ചു.
വിശദീകരണം നൽകുകയായിരുന്നു ഇപ്പോൾ ചെയ്യേണ്ടിയിരുന്നത്. ഇത്തരമൊരു പ്രസ്താവന ഇറക്കിയത് അനുചിതമായിപ്പോയി. തന്ത്രിമാരെ പണ്ടും മാറ്റിയിട്ടുണ്ട്, മാറ്റിയ ചരിത്രമുണ്ട്. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി ഓർമിപ്പിച്ചു.
ശബരിമല തന്ത്രിയെ നീക്കാൻ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിയില്ലെന്നായിരുന്നു താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം. താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും തന്ത്രിയെ ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
തന്ത്രി ദേവസ്വം ബോർഡിന്റെ ശമ്പളക്കാരനാണെന്ന വാദവും താഴമൺ കുടുംബം തള്ളി. ദക്ഷിണ മാത്രമാണ് തന്ത്രി സ്വീകരിക്കുന്നത്. അതല്ലാതെ ദേവസ്വം ബോർഡിന്റെ ശമ്പളക്കാരനല്ല- വിശദീകരണ കുറിപ്പിൽ പറയുന്നു.
ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ്വഴക്കങ്ങള് പ്രകാരവുമാണ് പാലിച്ചുപോരുന്നതെന്നും താഴമണ്‍ കുടുംബം വിശദീകരിച്ചു.
യുവതി പ്രവേശത്തിനു പിന്നാലെ ക്ഷേത്രം അടച്ച് പരിഹാരക്രിയകൾ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് താഴമണ്‍ മഠം രംഗത്തെത്തിയത്.