തിരുവനന്തപുരം: ഉദ്യോഗാർഥികളോടു മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്നു ഉറപ്പുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു.
നല്ലത് മാത്രം ചെയ്ത ഒരു സര്ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നു ഞാൻ ചോദിച്ചു.
ഇതിനോടൊന്നും അവര് ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവർ ചെയ്തത്- മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഉദ്യോഗാർഥികളുടെ സങ്കടം കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, യുവമോർച്ച, ബിജെപി എന്നിവരുടെ കളിപ്പാവയായതിന്റെ കുറ്റബോധമാണ് താൻ അവരുടെ മുഖത്ത് കണ്ടതെന്നും കടകംപള്ളി പറഞ്ഞു.
തന്നോട് അനുവാദം വാങ്ങാതെയും താൻ ക്ഷണിക്കാതെയുമാണ് ഉദ്യോഗാർഥികൾ തന്നെ വന്ന് കണ്ടത്. ഉദ്യോഗാർഥികളുടെ സംഘടനാ നേതാക്കളാണ് വന്നതെന്ന് അറിയില്ലായിരുന്നു.
ഉദ്യോഗാർഥികൾ ആണെന്നാണ് താൻ കരുതിയതെന്നും കടകംപള്ളി വ്യക്തമാക്കി. തങ്ങളെ ഒരു മന്ത്രി അധിക്ഷേപിച്ചെന്ന പിഎസ് സി ഉദ്യോഗാർഥികളുടെ ആരോപണത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.