സ്വന്തം ലേഖകൻ
തൃശൂർ: ക്ഷേത്രാചാരങ്ങളും വിശ്വാസവും വിശ്വാസികളുടെ താത്പര്യങ്ങളും സംരക്ഷിക്കുന്ന നയമാണ് സംസ്ഥാനസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം സുപ്രീം കോടതി വിധി പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കടകംപിള്ളി തൃശൂരിൽ പറഞ്ഞു.
ഭരണഘടനയാണ് ഏറ്റവും മുകളിൽ. വിശ്വാസവും ആചാരങ്ങളും അതിന് താഴെയാണ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത എൻ.ബി.മോഹനന്റെ സ്ഥാനമേൽക്കൽ ചടങ്ങിന് ശേഷം അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഭരണഘടനയും സംരക്ഷിക്കേണ്ടതുണ്ട്. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ ആരേയും അനുവദിക്കാനാകില്ലെന്നതുകൊണ്ടാണ് പോലീസ് ആത്മസംയമനം പാലിച്ചത്. മകരവിളക്ക് സമാധാനപരവും ഐശ്വര്യപൂർണ്ണവുമാക്കുമെന്നു മന്ത്രി പറഞ്ഞു.
കിഫ്ബിയിൽ 100 കോടി ചിലവിൽ ഭക്തജനങ്ങളക്ക് വിശ്രമത്തിനായി സർക്കാർ ഇടത്താവളങ്ങൾ നിർമ്മിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ഭരണസമിതി, സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽ നടപ്പാക്കിയ ഹരിതക്ഷേത്രം പദ്ധതി ഏറെ മാതൃകാപരമാണ്. പുതിയ ഭരണസമിതിയും പദ്ധതി തുടരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ബോർഡ് സെക്രട്ടറി വി.എ.ശ്രീജ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മെംബർമാരായി നേരത്തെ പ്രതിജ്ഞ ചൊല്ലിയ പ്രൊഫ.സി.എം.മധുവും എൻ.കെ.ശിവരാജനും ഉൾപ്പെടുന്ന ഭരണസമിതി ചുമതലയേറ്റു.ദേവസ്വം സ്പെഷൽ കമ്മീഷണർ ആർ.ഹരി സ്വാഗതം പറഞ്ഞു.
അനുമോദനയോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, കൗണ്‍സിലർ എം.എസ്.സന്പൂർണ്ണ, സിപിഎം ജില്ലാസെക്രട്ടറി എം.എം.വർഗീസ്, സിപിഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് സതീഷ് മേനോൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, മുൻ മെന്പർ അഡ്വ.ടി.എൻ.അരുണ്‍കുമാർ പ്രസംഗിച്ചു. വിവിധ സംഘടനാപ്രതിനിധികൾ ഹാരാർപ്പണം നടത്തി.