ടി.ജി.ബൈജുനാഥ്
കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ സംവിധായകൻ സന്തോഷ് വിശ്വനാഥിന്റെ മനസിൽ മുഖ്യമന്ത്രിയായി ആദ്യം വന്നതു മമ്മൂട്ടി. കഥയൊരുക്കിയ ബോബി – സഞ്ജയ് ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു.
മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളിഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു.
‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചുവർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…?
ആദ്യസിനിമ ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല. മമ്മൂക്കയെ വച്ചുള്ള സബ്ജക്ടുകൾ ബോബി – സഞ്ജയുമായി ആലോചിച്ചുവെങ്കിലും അതു വർക്കൗട്ട് ആയില്ല.
അങ്ങനെയിരിക്കെയാണ് ബോബി – സഞ്ജയിലെ സഞ്ജയ് ‘വണ്‍’ സിനിമയുടെ കഥ പറഞ്ഞത്. ബോബി – സഞ്ജയ്ക്കു വേറെ ചില പ്രോജക്ടുകൾ ഉണ്ടായിരുന്നതിനാൽ ഇതിന്റെ സ്ക്രിപ്റ്റ് റെഡിയാക്കാൻ താമസം വന്നു. മമ്മൂക്കയോടു കഥ പറയുകയും അദ്ദേഹം ഓകെ പറയുകയും ചെയ്തു രണ്ടു വർഷം കഴിഞ്ഞാണു ഷൂട്ടിംഗ് തുടങ്ങിയത്.
‘വണ്‍’ എന്ന ടൈറ്റിൽ?
മുഖ്യമന്ത്രിയുടെ കാറിന്റെ നന്പർ വണ്‍ ആണ്. അതിനപ്പുറം കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി എല്ലാ കാര്യങ്ങളിലും നന്പർ വണ്‍ ഇമേജുള്ള കഥാപാത്രമാണ്.
ജനങ്ങൾക്കു വേണ്ടി നിൽക്കുന്ന ഒറ്റയാൻ എന്ന രീതിയിലോ വണ്‍മാൻഷോ എന്ന രീതിയിലോ ഒരു പ്രസ്ഥാനത്തിനും പാർട്ടിക്കുമപ്പുറത്തേക്ക് സ്വാധീനശക്തിയിൽ നന്പർ വണ്‍ ആയി നിൽക്കുന്ന ഒരു വ്യക്തി എന്ന രീതിയിലോ ഒക്കെ ഈ സിനിമയ്ക്കു ‘വണ്‍’ എന്ന ടൈറ്റിൽ കൃത്യമായിരിക്കും.
സ്വപക്ഷത്തെയും പ്രതിപക്ഷത്തെയും ഉപജാപങ്ങളെ അതിജീവിക്കുന്ന മുഖ്യമന്ത്രി എന്ന കണ്ടുപഴകിയ കഥാഗതിക്കപ്പുറം ‘വണ്‍’ പറയുന്നത്…?
ഇതുവരെ ഇറങ്ങിയ രാഷ്്ട്രീയ സിനിമകൾ, മമ്മൂക്ക ചെയ്തിട്ടുള്ള അത്തരം കഥാപാത്രങ്ങൾ, നിലവിലെ രാഷ്്ട്രീയ നേതാക്കന്മാർ, മുന്‍പുണ്ടായിരുന്ന നേതാക്കന്മാർ…ഇവയുമായൊന്നും യാതൊരു സാദൃശ്യവും തോന്നാൻ പാടില്ല എന്നു തീരുമാനിച്ചിരുന്നു.
ഇന്ന പക്ഷത്തിന്റെയോ ഇന്ന വ്യക്തിയുടെയോ സിനിമയാണെന്നു തോന്നാൻ പാടില്ല എന്നും ഉണ്ടായിരുന്നു. ഇതൊക്കെ ശ്രദ്ധിച്ചാണ് സ്ക്രിപ്റ്റ്് ചെയ്തിരിക്കുന്നത്. 25 വർഷം മുന്‍പുള്ള പൊളിറ്റിക്സ് തന്നെയാണ് ഇപ്പോഴുമുള്ളത്. നേതാക്കന്മാർ മാറുന്നു എന്നുള്ളതല്ലാതെ കാലുവാരൽ പോലെയുള്ള കളികളെല്ലാം അന്നുമിന്നും ഒരുപോലെ തന്നെ.
അതൊ ക്കെ സ്വാഭാവികമായും നമ്മുടെ സിനിമയിലും ഉണ്ടാവും. അതിനപ്പുറം, ഭാവിയിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന ഒരാശയം ഈ സിനിമയിലുണ്ട്. സംഭവിക്കാവുന്ന ഒരു കാര്യം. ഏറെ എംപിമാരെയും എംഎൽഎമാരെയും രാഷ്്ട്രീയക്കാരെയുമൊക്കെ കണ്ടു സംസാരിച്ച ശേഷമാണ് വൺ എഴുതിയത്.
ബോബി – സഞ്ജയ് സ്കിപ്റ്റ്…?
ഫുൾ സ്ക്രിപ്റ്റ് എഴുതി ഡയറക്ടർക്കു കൊടുത്തശേഷം ഇതാ ചെയ്തോളൂ എന്ന രീതിയല്ല അവരുടേത്. എന്റേതും അങ്ങനെ തന്നെയാണ്. അങ്ങനെയൊരു സ്ക്രിപ്റ്റ് കിട്ടിയാൽ എനിക്കും ചെയ്യാനാവില്ല. ഓരോ സീനും എന്നിലൂടെ കടന്നുപോകണം. ഡയറക്ടറുമായി ചർച്ച ചെയ്ത ശേഷം സീൻ എഴുതുന്നതാണ് ബോബി സഞ്ജയ് രീതി. അവർ ആദ്യമായാണു മമ്മൂക്കയ്ക്കുവേണ്ടി സ്ക്രിപ്റ്റെഴുതുന്നത്. അവർ മുന്‍പ് എഴുതാത്ത രീതിയിൽ കുറച്ചു കൊമേഴ്സ്യലായിട്ടാണ് എഴുതിയിരിക്കുന്നത്.
കടയ്ക്കൽ ചന്ദ്രൻ എന്ന പേരിലെത്തിയത്…?
കേരളത്തിലെ അത്ര അറിയപ്പെടാത്ത കുറേ സ്ഥലങ്ങളുടെ ലിസ്റ്റുണ്ടാക്കിയ ശേഷം അതിൽ നിന്നു തെരഞ്ഞെടുത്ത പേരാണ് കടയ്ക്കൽ.
നിലമേലും കടയ്ക്കലുമാണ് അവസാന പരിഗണനയിലെത്തിയത്. കടയ്ക്കലിനു കുറേക്കൂടി പവർ തോന്നി. അങ്ങനെ അതുറപ്പിച്ചു. കൊല്ലം ജില്ലയിലുള്ള കടയ്ക്കലും രാഷ്്ട്രീയ പശ്ചാത്തലമുള്ള പ്രദേശമാണ്.
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുള്ള പ്രചോദനമാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം…?
എൽഡിഎഫുകാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറഞ്ഞേക്കാം. യുഡിഎഫുകാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറയാം. ബിജെപിക്കാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറഞ്ഞേക്കാം. പൊതുജനം ഈ സിനിമ കാണുന്പോൾ ഇത് അവരുടെയാരുടെയുമല്ല, ഇതു നമ്മുടെ സിനിമയാണെന്നു പറയും.
മുഖ്യമന്ത്രിയുടെയോ മുൻ മുഖ്യമന്ത്രിമാരുടെയോമാനറിസങ്ങൾ കടയ്ക്കൽ ചന്ദ്രനു റഫറൻസായിനല്കിയിട്ടുണ്ടോ…?
ആരുടെയെങ്കിലും ശരീരഭാഷയുമായോ സംഭാഷണശൈലിയുമായോ കടയ്ക്കൽ ചന്ദ്രനു സാമ്യം വന്നുപോയാൽ ഇത് ആ മുഖ്യമന്ത്രിയെപ്പോലെ ആണല്ലോ എന്നു പ്രേക്ഷകർ കരുതാനിടയുണ്ട്. പുതിയൊരു മുഖ്യമന്ത്രിയെ അവർക്കു സങ്കല്പിക്കാൻ പറ്റാതെയാവും.
പുതിയൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാൽ അദ്ദേഹം എന്തു ചെയ്യുന്നു എന്ന തരത്തിലാണ് കടയ്ക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്നത്. കടയ്ക്കൽ ചന്ദ്രന്റെ മാനറിസങ്ങളും ബോഡി ലാംഗ്വേജുമൊന്നും നമ്മൾ മമ്മൂക്കയ്ക്കു പറഞ്ഞുകൊടുത്തതല്ല. അതിനായി ഒരു റഫറൻസും കൊടുത്തിട്ടുമില്ല.
മമ്മൂക്ക തന്നെ ചെയ്തതാണ്. ആരുമായും സാമ്യം തോന്നാത്ത രീതിയിലാണു ചെയ്തിരിക്കുന്നത്. റോൾ മോഡലായി മമ്മൂക്ക ആരെയെങ്കിലും മനസിൽ സങ്കല്പിച്ചിട്ടുണ്ടാവാം. അതു നമ്മളോടു പറഞ്ഞിട്ടുമില്ല.
കടയ്ക്കൽ ചന്ദ്രനെ വെല്ലുന്ന ഗാംഭീര്യമുള്ളപ്രതിപക്ഷ നേതാവും വണ്ണിൽ ഉണ്ടാകുമല്ലോ…?
മുരളിഗോപിയാണു പ്രതിപക്ഷനേതാവ് മറന്പള്ളി ജയാനന്ദനാകുന്നത്. മുൻ മുഖ്യമന്ത്രിയാണ്. രാഷ്്ട്രീയത്തിൽ കുറച്ച് എക്സ്പീരിയൻസുള്ള ആളാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ആ വാക്കുകൾക്കപ്പുറം ചുവടു വയ്ക്കില്ല. അത്രയും പവറുള്ള കാരക്ടറാണത്. ഇങ്ങനെയൊരു വേഷം അദ്ദേഹം മുന്‍പു ചെയ്തിട്ടില്ല.
ജോജു ജോർജിന്റെ കഥാപാത്രത്തെക്കുറിച്ച്…?
ജോജുവിന്റെ കഥാപാത്രം ബേബിച്ചൻ. പാർട്ടിയിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ്. എല്ലാ പാർട്ടിക്കാരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയുമാണ്. ജോജുവിൽ നിന്നു വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകർക്കു ലഭിക്കുക.
മാസ് ചേരുവകളും പഞ്ച് ഡയലോഗുകളും ഉൾച്ചേർന്നതാണോ ബോബി – സഞ്ജയ് സ്ക്രിപ്റ്റ്…?
സന്ദർഭം ആവശ്യപ്പെടുന്നുവെങ്കിൽ അതു ചെയ്തിട്ടുണ്ട്. ഓരോ സീനും ത്രില്ലിംഗ് ആവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സമകാലിക രാഷ്്ട്രീയമെല്ലാം പറഞ്ഞുപോകുന്നുമുണ്ട്.
ഈ സിനിമയിൽ ഒരു പാർട്ടിക്കും പേരില്ല. എന്തു പേരിട്ടാലും യുഡിഎഫ്, എൽഡിഎഫ്, ബിജെപി…ഇവരെയാണു പരാമർശിക്കുന്നതെന്നു പ്രേക്ഷകർക്കു മനസിലാവും. അതുകൊണ്ടുതന്നെ അതു വേണ്ടെന്നുവച്ചു. ഈ സിനിമയിൽ ഒരു കൊടിയുടെ നിറവുമില്ല.
വൺ സിനിമയിൽ കുടുംബം കടന്നുവരുന്നുണ്ടോ…?
ഇതിൽ മമ്മൂക്കയ്ക്കും ഫാമിലിയുണ്ട്. നിമിഷ സജയനും മാമുക്കോയയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ഒരു ഫാമിലി. മുഖ്യമന്ത്രിയും മനുഷ്യനാണല്ലോ.
കടയ്ക്കൽ ചന്ദ്രനും മനുഷ്യന്റേതായ കുറച്ചു ഫീൽ ഒക്കെയുണ്ട്. ആ കഥാപാത്രമാകുന്നതു മമ്മൂക്ക ആയതിനാൽ ഈ സിനിമയിൽ അതു കുറച്ച് ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് അത് ആവശ്യവുമാണ്. സലീം കുമാറും മാത്യു തോമസും ഗായത്രി അരുണുമൊക്കെയുള്ള ഒരു സാധാരണ ഫാമിലി കൂടി ഉൾപ്പെട്ട പൊളിറ്റിക്സാണു വൺ പറയുന്നത്.
നിമിഷ സജയനാണോ ഈ സിനിമയിലെ ഹീറോയിൻ….?
നിമിഷയുടേതു സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയുടെ ആദ്യ ചിത്രം കൂടിയാണു വണ്‍. മാത്യു തോമസിന്റെ പെയറാണ്. മാത്യു തോമസിനും നല്ല പ്രാധാന്യമുള്ള വേഷമാണ്. സാധാരണക്കാരൻ മനസു വച്ചാലും പലതും സാധ്യമാണെന്നും അതിനു പദവിയോ മറ്റു കാര്യങ്ങളോ ആവശ്യമില്ലെന്നും പറയുകയാണ് മാത്യു തോമസിന്റെ കഥാപാത്രം സനൽ.