കടയ്ക്കല്‍ : കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയേയും മകനെയും കൊലപ്പെടുത്തിയശേഷം വിമുക്തഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ഇന്നലെ പൂര്‍ത്തീകരിച്ചു.
വയ്യാനം കെ.പി ഹൗസില്‍ വസന്ത, മകന് സുധേഷ് എന്നിവരുടെ മരണം കൊലപാതകം തന്നെയാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടികഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നതാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും തറ നിരത്താന്‍ ഉപയോഗിക്കുന്ന നിലംതല്ലി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇരുവരുടെയും തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാന്‍ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് അരുകില്‍ നിന്നും ഇതിനായി ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തുണി പോലീസ് കണ്ടെടുത്തു.
ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം സുധര്‍ശനന്‍ വീടിന് സമീപത്തെ ചായ്പ്പില് തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വൈകിയതിനാല്‍ ഇന്നലെയാണ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൂവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്കും ആത്മഹത്യക്കും പിന്നിലെന്ന് പോലീസ് അനുമാനിക്കുന്നു. എന്നാല്‍ കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച കൂടുതല്‍ കൃത്യത വരണം എങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് കടയ്ക്കല്‍ പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പിതാവ് സുദര്‍ശനനും മകന് സുധേഷും തമ്മില്‍ വഴക്കിടുകയും മകനെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു.
പിന്നീട് അഭിഭാഷകന് കൂടിയായ സുധേഷ് കോടതി വിധിയിലൂടെ വീട്ടില്‍ വീണ്ടും താമസിക്കുകയായിരുന്നു. അതിന് ശേഷം മിക്കപ്പോഴും വീട്ടില്‍ വഴക്കും ബഹളവും ആയിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച കേസും കോടതിയുടെ പരിഗണനയിലാണ്.