കടയ്ക്കല്‍ : കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാർഥിനി നിരന്തരമായ ലൈംഗിക പീഡനത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഒരുമാസം മുമ്പാണ് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കടയ്ക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം ജനുവരി 23-നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്.
എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേസിലെ പ്രതികളെയോ സൂചനയോ കണ്ടെത്താന്‍ കടയ്ക്കല്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
സംശയത്തിന്റെ പേരില്‍ ചിലരെയൊക്കെ ചോദ്യം ചെയ്തതൊഴിച്ചാല്‍ കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ സിഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് ലോക്കല്‍ പോലീസില്‍ നിന്നും മാറ്റണം എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണം എന്നും കാണിച്ചു ബന്ധുക്കള്‍ ഡിജിപി, പട്ടിക ജാതി-വര്‍ഗ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
മകള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടത്തണം എന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് എന്നും പ്രതി ഉടന്‍ പിടിയിലാകുമെന്നും കടയ്ക്കല്‍ പോലീസ് പറയുന്നു.