കോഴിക്കോട് : കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കണ്ടെത്തല്‍.
മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പില്‍ പി.മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു , റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50), ചിക്കമഗളൂരു സ്വദേശി ഫര്‍സാന, വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്ല്യാസ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ ഇവര്‍ക്കു പുറമേ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് റൂറല്‍ ജില്ലാ സി ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സി ബ്രാഞ്ച് ഫര്‍സാനയെയും ഇല്ലാസിനേയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരുമായി അടുപ്പമുള്ള ചിലര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ഇവരെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണു വിവരം.
റിസോര്‍ട്ട് പീഡനത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര് പീഡിപ്പിച്ചിട്ടുണ്ട്.
പീഡിപ്പിച്ചവരെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ ഇതുവഴി കണ്ടെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്.
റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റാണ് ടി.കെ. ഇല്യാസ്. ഇല്ല്യാസുമായി പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇയാളില്‍ നിന്നാണു വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിരയായത്.
സംഭവത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പില്‍ പി.മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (38), റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50) എന്നിവരെ ആദ്യഘട്ടത്തില്‍ തന്നെ തിരുവമ്പാടി പോലീസ് പിടികൂടിയിരുന്നു.
കേസ് പിന്നീട് റൂറല്‍ ജില്ലാ സി ബ്രാഞ്ചിന് കൈമാറി. സി ബ്രാഞ്ച് ഡിവൈഎസ്പി ആര്.ഹരിദാസന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫര്‍സാനയെയും ഇല്ല്യാസിനേയും പിടികൂടിയത്.
എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ ഫര്‍സാന കേരളത്തിലെത്തിച്ചു പെണ്‍വാണിഭ സംഘത്തിനു കൈമാറുകയായിരുന്നു. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവില്‍ നിന്നു വേറെയും പെണ്‍കുട്ടികള്‍ ഫര്‍സാന വഴി കേരളത്തില്‍ എത്തിയിരുന്നു.
കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ എത്തിച്ചാണു പീഡിപ്പിച്ചത്.