കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇത് കുടുംബപ്രശ്‌നം മാത്രമായി കണക്കാക്കാനാകില്ലെന്നും കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അമ്മ നല്‍കിയ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു. കുട്ടിയ്ക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്.
പോലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഒടുവില്‍ നിലപാടെടുക്കുകയായിരുന്നു.
മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചു.
കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു.
ഭര്‍ത്താവിന്റെ ഒപ്പമുള്ള സ്ത്രി ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടികളെ യുവതിക്കെതിരെ തിരിച്ചതെന്നും യുവതിയുടെ അഭിഭാഷന്‍ ആരോപിച്ചു.
അതേസമയം തന്നെ പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് യുവതി കോടതിയില്‍ വാദിച്ചു. കേസില്‍ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയും.