തിരുവനന്തപുരം: മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഭർത്താവും പോലീസും ചേർന്ന് കെട്ടിച്ചമച്ചതാണെന്ന് കടയ്ക്കാവൂരിലെ അമ്മ.
മകനെക്കൊണ്ട് വ്യാജപരാതി നൽകിയവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കും. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ മകനെ കുറ്റക്കാരനായി ചിത്രീകരിച്ചിരിക്കുകയാണെന്നും കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നും അവർ പറഞ്ഞു.
നിരപരാധിയാണെന്നു തെളിഞ്ഞതിൽ ആശ്വാസമുണ്ട്. കേസിന്റെ പേരിൽ കടയ്ക്കാവൂർ പോലീസ് മാനസികമായി പീഡിപ്പിച്ചു. മോശമായി പെരുമാറി.
മകനെ ഭർത്താവിന് വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്നും തനിക്ക് വേറെ വിവാഹം കഴിച്ചു ജീവിക്കാമെന്നും കടയ്ക്കാവൂർ എസ്ഐ പറഞ്ഞിരുന്നു.
തന്നെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ എസ്ഐയുടെ ഫോണിൽ പലവട്ടം ഭർത്താവിന്റെ കോൾ വന്നു. ജാമ്യം കിട്ടില്ലെന്നും കിട്ടിയാലും വീണ്ടും ജയിലിൽ അടയ്ക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി. കടയ്ക്കാവൂർ പോലീസ് തയാറാക്കിയ എഫ്ഐആർ വ്യാജമാണ്.
എഫ്ഐആറിൽ ആദ്യം ഇൻഫോർമറായി ചേർത്തിരുന്നത് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാൽ പിന്നീട് പോലീസ് പറഞ്ഞത് കുട്ടി തന്നെ കൗണ്സിലിംഗിൽ പീഡനക്കാര്യം വെളിപ്പെടുത്തിയെന്നാണ്.
തന്റെ കൂടെനിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ സ്വന്തമാക്കാൻ ഭർത്താവ് പലകാര്യങ്ങളും ചെയ്തിരുന്നു. തന്നെ കേസിൽപ്പെടുത്തി ജയിലിലാക്കുമെന്ന് ഭർത്താവ് പലരോടും പറഞ്ഞിരുന്നു.
എന്നാൽ ഇത്രയും വലിയ കേസുണ്ടാകുമെന്ന് വിചാരിച്ചില്ല. പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളുണ്ടായി.
പ്രായമേറിയ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ജോലിയുണ്ടായിരുന്നു. ഇപ്പോൾ അതു നഷ്ടമായി.
ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കള്ളക്കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ഈ കേസിൽ അമ്മയ്ക്കെതിരെ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്നാണ് പോലീസ് ഉന്നതതല അന്വേഷണ റിപ്പോർട്ട്. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.