തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിലായ സംഭവത്തിൽ നിർണായക വഴിത്തിരിവ്.
അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണെന്ന വെളിപ്പെടുത്തലുമായി ഇളയ മകൻ രംഗത്ത്. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇളയ മകന്റെ മൊഴിയിൽ പറയുന്നു.
ഭർത്താവിന്റെ രണ്ടാംവിവാഹത്തെ എതിർത്തതാണ് പ്രശ്നങ്ങളുടെ കാരണം. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും പറയുന്നു.
നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കേസിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.