കോതമംഗലം: ചൂട് കനത്തതുമൂലം കോഴികൾ വലിയ തോതിൽ ചാകുന്നത് ഇറച്ചിക്കോഴി വ്യവസായത്തിനു തിരച്ചടിയാകുന്നു. അന്തരീക്ഷത്തിലെ ചൂട് വർധിച്ച് കോഴികളുടെ വളർച്ചയെ ബാധിച്ചതും വിപണിയിലെ വിലയിടിവും കർഷകർക്ക് ഇരുട്ടടിയായി. 75 രൂപയിലധികം ഉത്പാദന ചെലവ് വരുന്പോൾ കർഷകർക്കു ലഭിക്കുന്നത് 60-64 രൂപയാണ്. ഇപ്പോഴത്തെ ചില്ലറ വില 80-84 രൂപയാണ്.
ചൂട് കനത്തതോടെ രോഗങ്ങൾ ബാധിച്ചു നൂറുകണക്കിന് കോഴികളാണ് ചത്തൊടുങ്ങുന്നത്. വളർച്ചയെത്തിയ കോഴികൾ ചാകുന്പോൾ കർഷകർക്ക് ഭീമമായ നഷ്ടം സഹിക്കേണ്ടിവരുന്നു. സ്വന്തമായും ഇന്റഗ്രേറ്റർമാർ വഴിയും കൃഷി ചെയ്യുന്ന സാധാരണക്കാരായ കർഷകർ നിത്യവൃത്തിക്ക് പോലും വകയില്ലത്ത അവസ്ഥയിലാണ്. കാർഷിക മേഖലയിലെ ഉത്പന്നങ്ങളുടെ വിലയിടിവിൽ സർവതും നഷ്ടപ്പെട്ട കർഷകർ അവസാന പിടിവള്ളിയെന്ന നിലയിലാണ് കോഴിവളർത്തൽ ആരംഭിച്ചത്.
ഇന്റഗ്രേറ്റർമാർ കർഷകർക്ക് അർഹിക്കുന്ന പ്രതിഫലം നൽകാത്തതും കർഷകരുടെ സാന്പത്തിക ഭദ്രതയെ തകർക്കുന്നു. കുഞ്ഞ്, തീറ്റ, മരുന്നുകൾ എന്നിവ ഇന്റഗ്രേറ്റർമാർ കർഷർക്ക് വിതരണം ചെയ്യുമെങ്കിലും ഫാമിലേക്ക് ആവശ്യമായ അറക്കപ്പൊടി, ചകിരിച്ചോർ, വൈദ്യുതി ചാർജ് പണിക്കൂലി എല്ലാമുൾപ്പെടെ വലിയ സാന്പത്തികഭാരം കർഷകനു വഹിക്കേണ്ടിവരും. ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന താത്ക്കാലിക ഷെഡുകളുടെ കേടുപാടുകൾ വർഷംതോറും പരിഹരിക്കുന്നതിനും വലിയ തുക കർഷകനു മുടക്കേണ്ടിവരുന്നു.
ആറു രൂപയാണ് ഇന്റഗ്രേറ്റർമാർ കർഷകർക്ക് കമ്മീഷൻ നൽകുന്നത്. പത്ത് വർഷം മുന്പത്തെ നിരക്കാണെന്നും ഇത് പുതുക്കി 10 രൂപ നിരക്കിൽ നൽകണമെന്നും കർഷകർ ഇന്റഗ്രേറ്റർമാരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പൊതുമേഖല ബാങ്കുകളിൽനിന്നും സഹകരണ സ്ഥാപനങ്ങളിൽനിന്നും വൻ തുക വായ്പയെടുത്താണ് പലരും കൃഷി ആരംഭിച്ചത്. ദേശസാത്കൃത ബാങ്കുകളിലെ മാനേജർമാർ ജപ്തി നോട്ടീസുമായി കർഷകരുടെ വീടുകളിൽ കയറിയിറങ്ങുന്നത് കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
സർക്കാർ കാർഷിക കടങ്ങൾക്ക് മോറട്ടോറിയവും കടാശ്വാസവും പ്രഖ്യാപിച്ചെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയെന്നാണ് ആക്ഷേപം. കർഷകന്റെ കണ്ണീരിനു പരിഹാരം കാണാൻ സർക്കാർ തെരഞ്ഞെടുപ്പു കാലത്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.