വിഴിഞ്ഞം: കനത്ത കടൽക്ഷോഭത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണ തൊഴിലാളികൾ കടലിൽ വീണു. ഒരാൾക്ക് പരിക്ക്. നിർമാണം പൂർത്തിയാകാത്ത പൈലിംഗ് യൂണിറ്റിലേക്ക് നടന്നു പോയ മൂന്ന് തൊഴിലാളികളിൽ ഉത്തർപ്രദേശ് സ്വദേശി റാംജലഗ് രാജിനാണ് പരിക്കേറ്റത്.
ഇയാളെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ യന്ത്ര സഹായത്താൽ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് തുറമുഖ നിർമാണ കേന്ദ്രത്തിൽ അപകടമുണ്ടായത്. ഒരാഴ്ച മുൻപത്തെ തിരയടിയിൽ തകർന്ന പൈലിംഗ് യൂണിറ്റിലേക്കുള്ള ഇരുമ്പ് പ്ലാറ്റ്ഫോം തകർന്നിരുന്നു.
കോവളം ബീച്ചിലെ നിരവധി കടകൾക്കുള്ളിൽ വരെ തിരയടിച്ച് കയറി. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തെ മുക്കിയ തിരകൾ കടകളിലേക്ക് പാഞ്ഞുകയറിയത്. ഓഖി ചുഴലിക്കാറ്റ് സമയത്തു പോലും സുരക്ഷിതമായിരുന്ന തീരങ്ങളെയും കഴിഞ്ഞ ദിവസങ്ങളിൽ കടൽവെറുതെ വിട്ടില്ല.
മുമ്പൊങ്ങുമില്ലാത്ത തരത്തിൽ കടൽ കലിതുള്ളി വീശുകയാണ്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങൾ തകർന്നു. കെട്ടഴിച്ച് ഉൾക്കടലിലേക്ക് ഒഴുകിയ രണ്ട് വള്ളങ്ങളെ അധികൃതർ കെട്ടിവലിച്ച് തിരികെ എത്തിച്ചു. ഒരാഴ്ച മുൻപു മുതൽ തുടങ്ങിയ കടൽക്കലി കഴിഞ്ഞ ദിവസം രാത്രി മുതൽ കൂടുതൽ രൂക്ഷമാവുകയായിരുന്നു.
ശക്തമായ തിരമാലകൾ തുറമുഖത്തിലെ പുതിയ വാർഫിലേക്കു അടിച്ച് കയറിയത് സേനാ ബോട്ടുകളുടെ സുരക്ഷയ്ക്കും ഭീഷണിയായി. നങ്കൂരമിട്ടിരിക്കുന്ന രക്ഷാ ബോട്ടുകൾ ഏതു സമയത്തും അതു തകർക്കുമെന്ന ഭയവും അധികൃതർക്കുണ്ട്.ഇവയെ സംരക്ഷിക്കുന്നതിനുള്ള ജോലി രാത്രി വൈകിയും തുടരുന്നു.
മത്സ്യ ബന്ധന സീസൺ പ്രമാണിച്ച് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ആയിരക്കണക്കിന് ബോട്ടുകളെയും കടൽക്ഷോഭം ഏറെ ബാധിച്ചു. പരസ്പരമുള്ള കൂട്ടിയിടിയിൽ നിരവധി എണ്ണത്തിന് കേടുപാടു സംഭവിച്ചതോടെ മത്സ്യത്തൊ ഴിലാളികളും ആശങ്കയിലായി. ഇതിനോടകം നിരവധി പരാതികൾ കിട്ടിയതായും അധികൃതർ അറിയിച്ചു.