ചേർത്തല: കാലവർഷം ശക്തമായതോടെ രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് തീരവാസികൾ ആശങ്കയിൽ. അർത്തുങ്കൽ, തൈക്കൽ മേഖലയിലാണ് മീറ്ററുകളോളം കര കടൽ കവർന്നിരിക്കുന്നത്. പ്രദേശത്തെ തെങ്ങുകൾ ഉൾപ്പെടെയുള്ള ഫല വൃക്ഷങ്ങളും കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണം രൂക്ഷമായാൽ സമീപത്തെ വീടുകൾക്കും ഭീഷണിയാവും. തൈക്കൽ മേഖലയിൽ കടൽഭിത്തി ഇല്ലാത്തതും മറ്റ് ഭാഗങ്ങളിൽ കടൽഭിത്തി താഴ്ന്ന് പോയതുമാണ് കടലാക്രമണത്തിന് കാരണം.
അർത്തുങ്കലിൽ പുലിമുട്ട് സ്ഥാപിച്ചതോടെയാണ് തൈക്കൽ മേഖലയിൽ കടലാക്രമണം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. അർത്തുങ്കൽ തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി ഇന്നലെ പൊഴി മുറിച്ചു. അർത്തുങ്കൽ വില്ലേജ് ഓഫിസിന്റെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ചാണ് പൊഴി മുറിച്ചത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് അൽപം ശമനമുണ്ടായിട്ടുണ്ട്. ചേർത്തലയുടെ കടലോര മേഖലകളായ ആയിരംതൈ, തൈക്കൽ, ഒറ്റമശേരി പ്രദേശങ്ങളിൽ വെള്ളക്കെട്ടും കടൽക്ഷോഭവും രൂക്ഷമാണ്്.
നിരവധി വീടുകളാണ് ഇവിടെ വെള്ളത്തിലായിരിക്കുന്നത്. കിഴക്കൻ മേഖലയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിൽ പതിക്കുന്നതിലെ തടസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പൊഴിച്ചാലുകളിലൂടെയാണ് വെള്ളം കടലിലേക്ക് എത്തേണ്ടത്.
എന്നാൽ, കടലും പൊഴിയും ചേരുന്നയിടം മണ്ണടിഞ്ഞ് അടയുന്ന പ്രതിഭാസം നിലനിൽക്കുന്നതാണ് തടസത്തിന് കാരണം. പൊഴി മുറിച്ച് വെള്ളം ഒഴുക്കിയാലും വീണ്ടും അടയുന്നതാണ് ജലം ഒഴുകി മാറുന്നതിന് തടസമായിരിക്കുന്നത്.
ആയിരംതൈയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചേർത്തല തെക്ക് പഞ്ചായത്ത് നാലുദിവസത്തിനകം രണ്ടുവട്ടം പൊഴിമുറിച്ചു. ആദ്യം മുറിച്ച പൊഴി രണ്ടാംദിവസം അടഞ്ഞ് ഒഴുക്ക് നിലച്ചു. തുടർന്നും പൊഴി മുറിക്കേണ്ടിവന്നു. ശക്തമായ കാറ്റിലും മഴയിലും മരം വീണ് കുത്തിയതോട് ലക്ഷ്മി നിലയത്തിൽ കമലന്റെ ഷെഡ് തകർന്നു. അതേസമയം ഇന്നലെ കടക്കരപ്പള്ളി പഞ്ചായത്ത് വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിൽ തൈക്കൽ മേഖലയിൽ കാന നിർമിക്കുന്നതിന് പൊതുമരാമത്ത്, ഇറിഗേഷൻ വിഭാഗം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റവന്യു, ആരോഗ്യം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തൈക്കൽ മേഖലയിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണെന്നും പ്രശ്നപരിഹാരത്തിന് കാന നിർമാണം കൂടിയേ തീരുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ പറഞ്ഞു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുവാനും സാംക്രമിക രോഗങ്ങൾ തടയുന്നതിന് മുൻകരുതൽ എടുക്കുവാൻ ആരോഗ്യവകുപ്പിനും നിർദേശം നൽകി.