വൈപ്പിൻ: ഇടതു സർക്കാർ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കടൽ വിദേശകുത്തകകൾക്ക് തീറെഴുതി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയും വലയുമായി എംഎൽഎയുടെ ഞാറക്കലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കരാർ ഒപ്പുവെച്ചത് എസ്. ശർമ എംഎൽഎയുടെ അറിവോടെയാണെന്നും ഇഎംസിസി കന്പനിയുടെ ഡയറക്ടറായ ഷിജു വർഗീസ് എംഎൽഎയുടെ അടുപ്പക്കാരനാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചിൽ ആവശ്യപ്പെട്ടു.
ഭാരവണ്ടിയിൽ വഞ്ചിയുമായെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് എംഎൽഎ ഓഫീസിനു മുന്നിൽ തടഞ്ഞു. തുടർന്ന് സംസ്ഥാനപാതയിൽ കുത്തിയിരുന്ന് റോഡ് തടയാൻ ശ്രമിച്ചതോടെ സിഐ പി.എസ്. ധർമജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടെ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധിൻ ബാബു നേതൃത്വം നൽകി.