വൈപ്പിൻ: കടലിൽ മത്സ്യബന്ധനം നടത്തി വന്ന ഇൻ ബോർഡ് വള്ളത്തിൽനിന്നും മത്സ്യം നിറച്ച് തിരികെ ഹാർബറിലേക്ക് വരുകയായിരുന്ന ഫൈബർ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്കായി ഇന്ന് പുലർച്ചെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു.
നേവി, കോസ്റ്റ് ഗാർഡ് , ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, മത്സ്യ തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ രാത്രി വളരെ വൈകി വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല.
മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ ശരത്ത് (അപ്പു – 24 ) പടിഞ്ഞാറെ പുരക്കൽ ഷാജി (താഹ – 52) ചേപ്പളത്ത് മോഹനൻ (55), ആലപ്പുഴ പള്ളിത്തോട് തച്ചേടത്ത് രാജു (58) എന്നിവരെയാണ് കാണാതായത്.
വൈകുന്നേരം അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് ഏഴു ഫാതം അകലെ പടിഞ്ഞാറാണ് അപകടമുണ്ടായത്. ചാപ്പ കടപുറത്തുനിന്നു പോയ നന്മ എന്ന വള്ളമാണ് മുങ്ങിയത്. മൊത്തം ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
മൂന്നു മണിക്കൂർ നീന്തിക്കയറിയത് ജീവിതത്തിലേക്ക്
മൂന്നു മണിക്കൂറോളം കടലിൽ നീന്തിയ എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയൻ (54), ആലപ്പുഴ പള്ളിത്തോട് സ്വദേശി ആനന്ദ് (52) എന്നിവർക്ക് രക്ഷകനായത് സെന്റ് ജൂഡ് എന്ന മത്സ്യ ബന്ധന ബോട്ട് .
അപകടത്തിന് ശേഷം മുങ്ങിയ വള്ളത്തിലും കാനിലും പിടിച്ചു നീന്തിയ ഇവരെ ഞാറക്കൽ ഭാഗത്തുവച്ചാണ് മത്സ്യബന്ധന ബോട്ടുകാർ കണ്ടതും രക്ഷപ്പെടുത്തിയതും.
ഇതോടെയാണ് നടുക്കടലിൽ നടന്ന ദുരന്തം പുറം ലോകം അറിയുന്നതും രക്ഷാദൗത്യവുമായി കരയിൽനിന്ന് ഫിഷറീസ് സംഘം എത്തിയതും.
രക്ഷപ്പെടുത്തി കരയിലെത്തിച്ച മൂവരെയും ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിൽ രാത്രി തന്നെ ആശുപതിയിലേക്ക് മാറ്റി.
വിനയായത് അമിത ലോഡ്
മത്സ്യം കയറ്റി വന്ന വള്ളം കടലിൽ മുങ്ങിയത് അമിതമായി ലോഡ് കയറ്റിയതു മൂലമെന്ന് നിഗമനം. കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന സമൃദ്ധി എന്ന ഇൻ ബോർഡ് വളത്തിൽ നിന്നും നിറയെ ചാളയുമായി വരുമ്പോഴായിരുന്നു ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്.
കടലിൽ എത്തി വലിയ വള്ളങ്ങളിൽനിന്നും മത്സ്യം എടുത്ത് ഹാർബറിൽ എത്തിച്ച് വില്പന നടത്തുന്നവരാണ് ചാപ്പ കടപുറത്തുകാരായ അഞ്ചംഗ സംഘം.
ഇതിൽ നിശ്ചിത ഓഹരിയാണ് ഇവർക്കുള്ള പ്രതിഫലം. മത്സ്യം കയറ്റിയ ശേഷം ഇവർക്കൊപ്പം ഇൻബോർഡ് വള്ളത്തിൽനിന്നും ചെറുവള്ളത്തിൽ കയറി കരയിലേക്ക് വന്നവരാണ് പള്ളിത്തോട് സ്വദേശികളായ രാജുവും ആനന്ദനും.
അപകടത്തിൽ ആനന്ദൻ രക്ഷപ്പെട്ടെങ്കിലും ഉറ്റചങ്ങാതിയായ രാജുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.