കൊച്ചി: കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയർന്നത്.
കാലാവസ്ഥാവ്യതിയാനം മൽസ്യോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രളയവും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റർ സ്കൂൾ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാൻസലർ ഡോ.എ. രാമചന്ദ്രൻ പറഞ്ഞു.
ഉയർന്ന ചൂടും കൂടുതൽ അളവിലുള്ള കാർബണ് ഡയോക്സൈഡും കടലിനെ അമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകൾ കാരണം ഭാവിയിൽ മത്സ്യോൽപാദനം ഉൾപ്പെടെയുള്ളവയിൽ ഗണ്യമായ കുറവ് സംഭവിക്കും.
ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളേക്കാൾ വേഗത്തിൽ ചൂടു വർധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
2050-ഓടു കൂടി ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതലോഷ്മാവ് 0.60 ഡിഗ്രി സെൽഷ്യസ് വർധിക്കും. എന്നാൽ, ആഗോള തലത്തിൽ ഇന്ത്യയിലെ മത്സ്യബന്ധന മേഖല കൂടുതൽ പ്രകൃതി സൗഹൃദമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സിഎംഎഫ്ആർഐ വിവിധ കർമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ തീരങ്ങളിലായി 24 അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് സംഭവിച്ചതെന്ന് വിന്റർ സ്കൂൾ കോഴ്സ് ഡയറക്ടറായ ഡോ. പി.യു. സക്കറിയ പറഞ്ഞു. ഡോ.പി.കലാധരൻ, ഡോ. ടി.എം. നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു.