തിരുവനന്തപുരം : പൂന്തുറയിൽനിന്ന് വിവിധ വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാവിലെ അടിമലത്തുറയിൽ നിന്നും കണ്ടെത്തി.
ഏഴു പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഡാർവിൻ, നെപ്പോളിയൻ, തോമ, ജോസ്, പീറ്റർ, രാജു, ജോയ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് വിവിധ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയത്.
വൈകുന്നേരത്തുണ്ടായ ശക്തമായ കാറ്റിൽപ്പെട്ടു വള്ളങ്ങൾ തകരുകയായിരുന്നു. ഇന്നലെ മുതൽ നേവിയും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
ഡേവിഡ്സന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. മന്ത്രി ആന്റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി തീരരക്ഷസേന അധികൃതരുമായി ചർച്ച നടത്തി. വേണ്ട പിന്തുണയുണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.