തുറവൂർ: അന്ധകാരനഴി കടലിൽ കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കുത്തിയത്തോടു പഞ്ചായത്ത് എഴാം വാർഡിൽ നാളികാട്ടു താമസിക്കുന്ന നികർത്തിൽ സിജി – അസ്ലി ദന്പതികളുടെ മകൻ ആസിഫിനെ(13)യാണ് ഇന്നലെ വൈകുന്നേരം കടലിൽ കാണാതായത്. അർദ്ധരാത്രിവരെ പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കടലിൽ അതിശക്തമായ ഒഴുക്കായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. ഇന്നുരാവിലെ മുതൽ വീണ്ടും തിരച്ചിലാരംഭിച്ചിട്ടുണ്ട്.
നേവി, കോസ്റ്റ്ഗാർഡ് എന്നിവർ സംയുക്തമായാണ് രാവിലെ മുതൽ തിരച്ചിൽ നടത്തുന്നത്. കെ.സി. വേണുഗോപാൽ എംപിയും മന്ത്രി തിലോത്തമനും ജില്ലാഭരണകൂടവും പോലിസുദ്ദ്യോഗസ്ഥരും സംഭവത്തിൽ സജീവമായ ഇടപെടലുകൾ നടത്തുകയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നു. പട്ടണകാടു ഗവണ്മെന്റ് സ്കൂളിലെ എട്ടാംക്ലാസു വിദ്യാർഥിയാണ് ആസിഫ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സിജിയുടെ കുടുംബം അന്ധകാരനഴി ബീച്ചിൽ എത്തിയത്.
ഇവർ കടലിൽ കുളിക്കുന്നതിനിടെയാണ് വൈകുന്നേരം ആറോടെ ആസിഫും സഹോദരനും ഒഴുക്കിൽപ്പെട്ടത്. ഉടൻ സമീപത്തുതന്നെ ഉണ്ടായിരുന്ന ഒരു പൊന്തുവള്ളക്കാരൻ ഒരാളെ രക്ഷപെടുത്തി. തുടർന്ന് ആസിഫിനെ രക്ഷിക്കുവൻ ശ്രമിക്കുന്നതിനിടെ ആഴങ്ങളിലേയ്ക്ക് പോകുകയായിരുന്നു.
അന്ധകാരനഴി പോലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് അറിയിച്ചതനുസരിച്ച് ചേർത്തല ഡിവൈഎസ്പി ’ റെജിലാൽ. കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ സജീവൻ, എസ്ഐ മധു, പട്ടണക്കാട് എസ്ഐ സജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സേനയും ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചു.രാത്രി എട്ടോടെ കടലോര ജാഗ്രതാ സമിതിയുടെ സഹായത്തോടെ രണ്ടു മത്സ്യ ബന്ധന വള്ളങ്ങളിൽ കടലിൽ തിരച്ചിൽ നടത്തി.