പെരിഞ്ഞനം: കഴിഞ്ഞദിവസം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര പീറ്ററിന്റെ മകൻ ആൻസൺ (14), കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ (13) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് ആറു വിദ്യാർഥികളും നാലു മുതിർന്നവരും ചേർന്ന് സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്കു വീണ പന്ത് എടുക്കാൻ പോയ മൂന്നു വിദ്യാർഥികളാണ് തിരയിൽ പെട്ടത്. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും രണ്ടു പേരെ കാണാതാവുകയായിരുന്നു.
രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ചിറ്റിലപ്പിള്ളി ഡേവീസിന്റെ മകൻ ഡെൽവിനെ കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ മാതാ പള്ളിയിലെ അൾത്താര സംഘത്തിലെ കുട്ടികളും സെമിനാരി വിദ്യാർഥികളുമാണ് കടപ്പുറത്തെത്തിയത്. കയ്പമംഗലം പോലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കില്ലും വിദ്യാർഥികളെ കണ്ടെത്താനായിരുന്നില്ല.
ഡെൽവിന്റെ മൃതദേഹം കഴിന്പ്രം ബീച്ചിലും ആൻസന്റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഡെൽവിൻ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെയും, ആൻസൺ കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളിലെയും വിദ്യാർഥികളാണ്.