ഹരിപ്പാട് : ആറാട്ടുപുഴയിലും, തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷമായതോടെ തീരവാസികൾ കൂടുതൽ ദുരിതത്തിൽ. ഇന്നലെയും രൂക്ഷമായാണ് കടൽ കലിതുള്ളിയത്. ഓരോ തിരമാലയും തീരദേശ റോഡും കടന്ന് അടുത്തുള്ള വീടുകളിലും മതിലുകളിലുമാണ് ശക്തിയായി അടിക്കുകയാണ്.
കടൽവെള്ളം കിഴക്കോട്ടു കുത്തിയോഴുകിയതിനാൽ ജനവാസ മേഖലയിൽ കടൽവെള്ളം കയറുകയും കെട്ടിക്കിടന്ന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയുമാണ്.
തിരമാലയുടെ കുത്തൊഴുക്കു കാരണം തീരദേശ റോഡ് ഭാഗികമായി തകർന്നു. ഇന്നലെയും അവശ്യസാധനങ്ങളുമായി സഞ്ചരിച്ച പലരെയും തിരമാല അടിച്ചുവീഴ്ത്തി.
ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കൽ, വട്ടച്ചാൽ, കള്ളിക്കാട്, എകെജി നഗർ, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, എ.സി പള്ളി, എംഇഎസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര, പ്രണവം ജംഗ്ഷൻ, മൂത്തേരി ജംഗ്ഷൻ, മതുക്കൽ, തൃക്കുന്നപുഴ, പള്ളിപ്പാട്ട് മുറി, പാനൂർ എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
ഇവിടങ്ങളിലുള്ള പല വീടുകളും കടകളും കടലാക്രമണ ഭീഷണിയിലാണ്. തീരവാസികൾക്ക് ആശ്വാസമായി ഒരു പ്രവർത്തനവും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് തീരവാസികൾക്ക് പരാതിയുണ്ട്.