അന്പലപ്പുഴ: കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെടുന്നത് അധികാരികളുടെ അനാസ്ഥ മൂലമെന്ന് മത്സ്യതൊഴിലാളികളുടെ ആരോപണം. പുനരധിവാസ ക്യാന്പുകളിലേക്ക് തങ്ങളില്ലെന്നും ഇവർ പറയുന്നു. കടൽഭിത്തി സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടാണ് തങ്ങളുടെ വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. പല ഭാഗങ്ങളിലും കടൽ ഭിത്തി തകർന്നിരിക്കുകയാണ്.
കൂടാതെ വിവിധ ഭാഗങ്ങളിലായി 600 മീറ്ററോളം കടൽഭിത്തി ഇല്ല. ഒരു വർഷം മുൻപ് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റെടുത്തെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇവർ പറയുന്നു. ഒരാഴ്ചയായി അന്പലപ്പുഴ, നീർക്കുന്നം, വാടയ്ക്കൽ ഭാഗങ്ങളിൽ കടലേറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ കടലേറ്റത്തിൽ രണ്ടുവീടുകൾ പൂർണ്ണമായും തകരുകയും 40 ഓളം വീടുകൾ വാസയോഗ്യമല്ലാതെയുമായി നീർക്കുന്നം പുതുവലിൽ ശരത്, ഗീത എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
വാടയ്ക്കലിൽ നിരവധി വീടുകളിൽ വെള്ളം കയറി. അധികൃതരെ അറിയിച്ചിട്ടും എത്താത്തതിനെ തുടർന്ന് തീരദേശപാത ഒരു മണിക്കൂറോളം മത്സ്യതൊഴിലാളികൾ ഉപരോധിച്ചു. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സിന്റെ യൂണിറ്റെത്തി പിന്നീട് വെള്ളം പന്പു ചെയ്തു നീക്കി. കടൽക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങൾ ഇപ്പോഴും വണ്ടാനം ശിശുവിഹാർ, പുറക്കാട് കരിനിലവികസന ഏജൻസി ഓഫീസ്, റെയിൽവെ പുറന്പോക്ക്, ബന്ധു ഗൃഹങ്ങൾ എന്നിവിടങ്ങളിൽ കഴിയുകയാണ്.
ഇവരുടെ പുനരധിവാസം എങ്ങും എത്തിയിട്ടില്ല. ഇക്കാരണത്താലാണ് തങ്ങൾ ഇനി പുനരധിവാസ ക്യാന്പിലേക്കില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നത്. കടൽ ഭിത്തിയുടെ അറ്റകുറ്റപണി ഉടൻ നടത്തണമെന്നും ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ ഭിത്തി കെട്ടി മത്സ്യതൊഴിലാളികളോടുള്ള സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ ആവശ്യപ്പെട്ടു.