ചാവക്കാട്: കടൽക്ഷോഭം ശക്തമായി; കടൽഭിത്തി മുറവിളിയും ശക്തമായി. അതുതന്നെയാണ് പലരുടെയും ആവശ്യം. കടപ്പുറം പഞ്ചായത്തിന്റെ തീരം കവർന്ന് വീടുകൾ തകർത്ത് ദുരിതം വിതറാൻ തുടങ്ങിയപ്പോൾ തകർന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന് ആവശ്യവും ഉയർന്നു.
കടൽഭിത്തി നിർമാണം പലർക്കും കറവപ്പശുവാണ്. കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഓരോ വർഷവും കടലിൽ നിർത്തി. കടൽക്ഷോഭം തടയാനെന്ന പേരിൽ എത്തുന്ന കരിങ്കൽ എത്രയെന്നോ എത്ര കോടി രൂപയുടെ ഭിത്തി നിർമിച്ചുവെന്നോ യാതൊരു കണക്കുമില്ല. കടലാക്രമണ പ്രതിരോധത്തിന് ദീർഘകാല പദ്ധതികൾ പലതുമുണ്ടെങ്കിലും കടലാക്രമണസമയത്ത് കരിങ്കൽ കടലിൽ തള്ളാനാണ് അധികൃതർക്ക് ഇഷ്ടം.
രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്പോൾ വൻതോതിൽ കരിങ്കല്ല് കടലിൽ തള്ളും ദുരന്തനിവാരണ പ്രവർത്തനമായതിനാൽ ഫണ്ടിന്റെ കാര്യത്തിൽ ഒരു മുട്ടുമില്ല, ചോദ്യവുില്ല. കൈ നനയാതെ, മീൻപിടിക്കുന്ന എളുപ്പപണിയാണ് കടൽഭിത്തി.കടൽഭിത്തി നിർമിക്കുന്നതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടകാർ ആരോപിക്കുന്നു.
പ്രാദേശികമായി കമ്മിറ്റിയിലില്ലാത്തതിനാൽ എത്ര ലോഡ് കല്ല് ഏതൊക്കെ തരത്തിലുള്ള കല്ല് ഒന്നും ആർക്കും അറിയില്ല.കടൽ ആർത്തലച്ചെത്തുന്പോൾ തീരവാസികൾ ആഗ്രഹിക്കുന്നത് രക്ഷാമാർഗമാണ്. അതു കണ്ട കഴുകൻകണ്ണുകൾ കരിങ്കല്ലുമായി എത്തി പണം വാരും. ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുടെ മുറവിളി കടലാക്രമണം കാണുന്പോൾ അവർ തന്നെ മറക്കും.
ഭരണകൂടങ്ങൾക്കും നിർദേശിക്കാനുള്ളത് കടൽ ഭിത്തിതന്നെ. കടൽഭിത്തികൊണ്ട് ക്ഷോഭത്തെ തടുക്കാൻ കഴിയുന്നില്ല . കാലവർഷത്തിലും കടലാക്രമണത്തിലും ഉണ്ടാകുന്ന ദുരിതങ്ങളുമായി കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾ പൊരുത്തപ്പെട്ടുപോയി.കടലാക്രമണങ്ങളെ ചെറുക്കാൻ ദീർഘകാല പദ്ധതി വേണമെന്ന ആവശ്യം ഇപ്പോഴും തിരമാലപോലെയാണ്.