കോഴിക്കോട്: കോവിഡ് അതിതീവ്രവ്യാപനത്തിനൊപ്പം ദുരിതം വിതച്ച് ജില്ലയില്‍ മഴ കനത്തു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച മഴ പലയിടത്തും രാവിലേയും തുടര്‍ന്നു. തീരദേശം കടലാക്രമണ ഭീതിയിലാണ്. നിരവധി കുടുംബങ്ങളെയാണ് ഇവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
വടകര അഴിയൂര്‍ മുതല്‍ കടലുണ്ടി, ചാലിയം കടപ്പുറം വരെയുള്ള തീരങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. ഇന്ന് കനത്ത മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വടകര വില്ലേജില്‍ 100 കുടുംബങ്ങളില്‍ നിന്ന് 310 പേരെയാണ് മാറ്റി താമസിപ്പിച്ചത്.
കോഴിക്കോട് നഗര പരിധിയിലെ കസബ വില്ലേജിലെ തോപ്പയില്‍ ഏഴ് പേരെ ഇന്ന് പുലര്‍ച്ചെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കപ്പലങ്ങാടി ഭാഗത്ത് നിന്നും 17 കുടുംബങ്ങളേയും വാക്കടവ് ഭാഗത്ത് നിന്ന് രണ്ട് കുടുംബങ്ങളേയും മാറ്റി താമസിപ്പിച്ചു.
കടലുണ്ടി കടവ് ഭാഗത്ത് നിന്നും ആറ് കുടുംബങ്ങളേയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. കൊയിലാണ്ടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.അതേസമയം കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വിലക്ക് ലംഘിച്ച് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
നിരോധനം ലംഘിക്കുന്ന യാനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കും. കാലവര്‍ഷക്കെടുതികള്‍ തടയാന്‍ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മുന്‍കാലങ്ങളില്‍ വെളളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
വീടുകള്‍ക്ക് അപകടഭീഷണിയുളള മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്കി. കാലവര്‍ഷകെടുതികള്‍ ഉളള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ മാറ്റി പാര്‍പ്പിക്കുകയൂളളൂ.
ഇതിന് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് തയാറാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. എന്‍ഡിആര്‍എഫിന്റെ ഒരു ടീം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവും.