തുറവൂർ: പ്രളയദുരന്തത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി വീണ്ടും കടലിലേക്ക്.പള്ളിത്തോട് ചാപ്പക്കടവ്, ചെല്ലാനം ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തൊഴിലാളികൾ മത്സ്യ ബന്ധനത്തിനു പോകുവാൻ തുടങ്ങിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടുത്തെ നിരവധി വള്ളങ്ങളും തൊഴിലാളികളും എറണാകുളം ജില്ലയിലും ആലപ്പുഴ ചെങ്ങന്നൂർ ഭാഗങ്ങളിലും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നാട് പ്രളയത്തിൽ മുങ്ങുന്പോൾ ആരുടേയും നിർദ്ദേശങ്ങളോ, ഉത്തരവുകളോകാത്തു നിൽക്കാതെയാണ് ഇവിടുത്തെ മത്സ്യ തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്.
അതിനാൽ തന്നെ പല വള്ളങ്ങളും എങ്ങും രജിസ്റ്റർ ചെയ്യാതെയാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. ഇവിടെ നിന്നു പോയ ഒട്ടനവധി ഡിങ്കി വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത് വകവയ്ക്കാതെയാണ് തൊഴിലാളികൾ തൊഴിലിനായി പോകുന്നത്.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കുവാൻ സാധിച്ച ആത്മസംതൃപ്തിയോടെ കടലമ്മയുടെ കനിവ് തേടി കടലിന്റെ മക്കൾ കടലിലേയ്ക്ക്.