വൈപ്പിൻ: വല കടിച്ച് മുറിച്ച് നശിപ്പിക്കുകയും കരയിലെത്തിച്ചാൽ ആർക്കും വേണ്ടാതിരുന്നതുമായ ഒരു കാലത്ത് മത്സ്യതൊഴിലാളികൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാതിരുന്ന മത്സ്യമാണ് കടൽമാക്രി. എന്നാൽ ആ കാലമൊക്കെ മാറി. കടൽമാക്രിക്ക് ഇപ്പോൾ നല്ല കാലം പിറന്നിരിക്കുകയാണ്. കടലിലെ ഇപ്പോഴത്തെ കനത്ത വറുതിയിൽ മത്സ്യബന്ധന ബോട്ടുകളുടെ നിലനിൽപ്പിനു തന്നെ ആധാരമായി മാറിയിരിക്കുന്ന ഇവക്ക് മത്സ്യബന്ധന മേഖലയുടെ രക്ഷകന്റെ റോളാണിപ്പോൾ.
ഡീസൽ കാശുപോലും ഒക്കാത്ത സാഹചര്യത്തിൽ മുനന്പം, മുരുക്കുംപാടം മേഖലകളിൽപല ബോട്ടുകളും കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നഷ്ടം സഹിച്ചും കടലിൽ പോകുന്ന ബോട്ടുകൾക്ക് കടൽ മാക്രി രക്ഷകനായത്. ആഴക്കടലിലും തീരക്കടലിലും സാന്നിധ്യമുള്ള കടൽ മാക്രികൾ ഇപ്പോൾ വ്യാപകമായി ലഭിക്കുന്നുണ്ട്.
സാമാന്യം നല്ല വില ലഭിക്കുന്നതിനാൽ ബോട്ടുകൾ പലതും ഇപ്പോൾ കടൽമാക്രി ലക്ഷ്യംവച്ചാണ് കടലിലേക്ക് പോകുന്നത്. നാലും അഞ്ചും ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറുകളിൽ അടുക്കുന്ന ബോട്ടുകളിൽ ഏറെയും കടൽമാക്രിയാണിപ്പോൾ.
ചൂണ്ടയിടുന്ന ബോട്ടുകൾക്ക് തളയൻ അഥവാ പാന്പാട എന്ന് വിളിക്കുന്ന റിബണ് ഫിഷ് ലഭിക്കുന്നതൊഴിച്ചാൽ മറ്റു മത്സ്യങ്ങളുടെ ലഭ്യത തീരെ കുറവാണ് കേരളത്തിലെ തീൻമേശകളിൽ വളരെ അപൂർവ്വെങ്കിലും വിദേശികൾക്ക് ഇത് നാവിൽ വെള്ളമൂറുന്ന വിഭവമാണത്രേയിത്.
വലിയ കടൽമാക്രികളുടെ തല മുറിച്ച് മാറ്റി തൊലി ഉരിഞ്ഞ് വിദേശത്തേക്കാണ് കയറ്റി അയക്കുന്നത്. ചെറിയവയാകട്ടെ വളത്തിനും ഫിഷ് ഫുഡിനുമൊക്കെയായി അന്യസംസ്ഥാനങ്ങളിലേക്കും കയറ്റിപ്പോകുന്നുണ്ട്. ഡിമാൻഡ് ഉള്ളതിനാൽ ഇവ വിലക്ക് വാങ്ങാൻ ഹാർബറുകളിൽ കയറ്റുമതി കന്പനികളുടെ ഏജന്റുമാർ തമ്മിൽ കടുത്ത മത്സരമാണ്. വറുതിക്കാലം തുടങ്ങിയതോടെ ആശങ്കയിലമർന്ന മത്സ്യമേഖലക്ക് കടൽമാക്രിയുടെ സാന്നിധ്യം ആശ്വാസമേകുന്നുവെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്.