വൈപ്പിൻ: മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന ബോട്ട് മുങ്ങി ഏഴു മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരെ കാണാതായി. ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് കടലിൽ നീന്തി നടന്നിരുന്ന നാല് മത്സ്യതൊഴിലാളികളെ നേവിയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി.
ബുധനാഴ്ച പുലർച്ചെ ആറോടെ അർത്തുങ്കൽ കടപ്പുറത്ത് 12 നോട്ടിക്കൽ മൈൽ അകലയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി മുരുക്കുംപാടത്തുനിന്നും മത്സ്യബന്ധനത്തിനു പോയ അനുഗ്രഹ -2 എന്ന തടിനിർമിത ബോട്ടാണ് മുങ്ങിയത്. മാലിപ്പുറം സ്വദേശി സേവ്യാർ(55), മാലിപ്പുറം വളപ്പ് സ്വദേശി മധു(55), സൗത്ത് പുതുവൈപ്പ് തെങ്ങിൽ വീട്ടിൽ ബഷീർ(40) എന്നിവരെയാണ് കാണാതായത്.
ബോട്ടിന്റെ സ്രാങ്ക് പാലിയത്ത് ആൽബി(63), വൈപ്പിൻ അഴീക്കകടവിൽ ശിവൻ (53), എ.എൻ. സുരേഷ്(59), പുതുവൽസ്ഥലത്ത് പി.കെ.ബാബു(45) എന്നിവരാണ് രക്ഷപ്പെട്ടവർ. നാലുപേരും എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കുകൾ ഇല്ല.
കൊല്ലം ഭാഗത്തുനിന്നു മത്സ്യബന്ധനം കഴിഞ്ഞ് മുരുക്കുംപാടം ഹാർബറിലേക്കെത്താൻ കൊച്ചി അഴിമുഖം ലക്ഷ്യമിട്ട് നീങ്ങവെയാണ് അപകടം ഉണ്ടായത്. രാത്രി തന്നെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയതാണ്. ഇതേ തുടർന്ന് ഈ വെള്ളം തേകിക്കളഞ്ഞാണ് യാത്ര തുടർന്നത്.
ഇതിനിടെ ബോട്ടുടമയായ മാലിപ്പുറം സ്വദേശി റസാഖുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് രക്ഷാസന്ദേശം നൽകിയെങ്കിലും കടൽ പ്രഷുബ്ധമായതിനാൽ ബോട്ടുകൾക്ക് എത്താൻ സാധ്യമാകാതെ വന്നപ്പോഴാണ് നേവിയുടെ ഹെലികോപ്റ്റർ എത്തിയത് . അപ്പോഴേക്കും ബോട്ട് മുങ്ങിക്കഴിഞ്ഞിരുന്നു.
അപകടം മുന്നിൽ കണ്ട് എല്ലാവരും ലൈഫ് ജാക്കറ്റുകൾ അണിഞ്ഞിരുന്നെങ്കിലും ബോട്ട് മുങ്ങുന്നതിനിടയിൽ കടൽതിരയിൽപെട്ട് കമിഴ്ന്നു പോവുകയായിരുന്നെന്ന് രക്ഷപെട്ടവർ പറഞ്ഞു. തെറിച്ച് കടലിലേക്ക് വീണവരാണ് മരണത്തിൽനിന്നും രക്ഷപ്പെട്ടവർ. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ ഇന്നലെ വൈകുന്നേരം വരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.