തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് വിദ്യാർഥികൾക്ക് വേണ്ടി തെരച്ചിൽ ഉൗർജിതമാക്കി. കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർഥി വക്കം തൊപ്പിക്കവിളാകം മണക്കാട്ട് വിളാകം വീട്ടിൽ ബിഫുവിന്റെയും ജയശ്രീയുടെയും മകൻ ദേവനാരായണൻ (15), വക്കം നിലയ്ക്കാമുക്ക് അലിയിറക്കം വീട്ടിൽ സോമൻ- ബേബി ഗിരിജ ദന്പതികളുടെ മകൻ ഹരിചന്ദ് (15) എന്നിവർക്ക് വേണ്ടിയാണ് കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും തെരച്ചിൽ ഉൗർജിതമാക്കിയിരിക്കുന്നത്.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി നായരുടെ നേതൃത്വത്തിലാണ് തെരച്ചിൽ . വർക്കല പാപനാശം, കാപ്പിൽ എന്നീ മേഖലകളിലെ കടലിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ രാവിലെയാണ് മുതലപ്പൊഴി ഹാർബറിന്റെ ഭാഗത്തെ കടലിൽ കുളിക്കുന്നതിന് ദേവനാരായണനും സുഹൃത്തുക്കളും എത്തിയത്. ദേവനാരായണൻ, ഹരിചന്ദ്, രാഹുൽ എന്നിവർ കുളിയ്കാൻ കടലിന്റെ ഉള്ളിലേക്ക് പോകുകയായിരുന്നു.
കടൽ വേലിയേറ്റ സമയമായിരുന്നു ഇതിനിടെ തിരയിൽപ്പെട്ട് മൂവരും കടലിൽ പതിച്ചു. കരയ്ക്ക് നിന്നിരുന്ന മറ്റ് കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രാഹുലിനെ രക്ഷപ്പെടുത്തി. ദേവനാരായണനെയും ഹരിചന്ദിനെയും കാണാതാകുകയായിരുന്നു.
ഇന്നലെ രാത്രിയിലും തെരച്ചിൽ തുടർന്നിരുന്നു. സ്കൂൾ കലോത്സവ ദിനമായ ഇന്നലെ എട്ടു പേരടങ്ങുന്ന കുട്ടികൾ നാല് സൈക്കിളുകളിലാണ് കടലിൽ കുളിക്കാൻ എത്തിയത്. ഇതിൽ മൂന്ന് പേർക്കാണ് അപകടം സംഭവിച്ചത്. കടലിലെ അടിയൊഴുക്ക് തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുതലപ്പൊഴിയിൽ ഈ അടുത്തകാലത്തായി ധാരാളം പേരാണ് കടലിൽ വീണ് മരണമടഞ്ഞിട്ടുള്ളത്.