ശ്രീജിത് കൃഷ്ണൻ
വട്ടമിട്ടു പറക്കുന്ന കടൽപരുന്തുകൾ കാലങ്ങളായി കടലിൽ പോകുന്നവർക്ക് മത്സ്യലഭ്യതയുടെ സൂചനയാണ്. കടൽ കാണാനെത്തുന്നവർക്ക് തീരദേശത്തെ മനോഹര കാഴ്ചകളിലൊന്നും. സംസ്ഥാനത്തെ തെക്കൻ തീരദേശങ്ങളിൽ അത് കൂടുതലും ചെമ്പരുന്തുകളാണെങ്കിൽ കൊയിലാണ്ടി മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് വെള്ളവയറൻ കടൽപരുന്തുകളായിരുന്നു.
സാധാരണ കടൽപരുന്തുകളേക്കാൽ വലിപ്പവും നെഞ്ചിനും വയറിനുമുള്ള തൂവെള്ള നിറവുമാണ് വെള്ളവയറൻ കടൽപരുന്തുകളെ വേറിട്ടതാക്കുന്നത്. കടലിനോട് ചേർന്നുള്ള ഉയർന്ന കരപ്രദേശങ്ങളിലെ മാവ്, അരയാൽ തുടങ്ങിയ മരങ്ങളിലാണ് ഇവ സാധാരണയായി കൂടുകൂട്ടുന്നത്.
കടൽമീനുകളും കടൽപ്പാമ്പുകളുമാണ് പ്രധാന ഭക്ഷണം. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കടലിന്റെയും കടലോരത്തിന്റെയും ആവാസവ്യവസ്ഥകളിൽ വന്ന മാറ്റം ഇവയെ വംശനാശത്തിന്റെ വക്കത്ത് എത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുനാലു വർഷമായി കോഴിക്കോട്ടും മാഹിയിലും ഇവയെ കാണാനേയില്ല. 2021 ൽ നടത്തിയ സർവേയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരദേശങ്ങളിലായി ഇവയുടെ 22 കൂടുകൾ മാത്രമാണ് കണ്ടെത്തിയത്. 2022 ൽ അത് വീണ്ടും 18 ആയി കുറഞ്ഞു. ഇതിൽ 16 എണ്ണവും കാസർഗോഡ് ജില്ലയിൽ മാത്രമാണ്.
ഒരു കൂട്ടിലെ ഇണപ്പരുന്തുകളുൾപ്പെടെ 50 ൽ താഴെ വെള്ളവയറൻ കടൽപരുന്തുകൾ മാത്രമാണ് ഈ 18 കൂടുകളിലായി ഉള്ളതെന്ന് സർവേയ്ക്ക് നേതൃത്വം നല്കിയ പക്ഷി ഗവേഷകരായ ഡോ. റോഷ്നാഥ് രമേഷ്, യു.കെ. അമൽ എന്നിവർ പറയുന്നു. സംസ്ഥാനത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷിയായും അടുത്തിടെ ഇവയെ പ്രഖ്യാപിച്ചിരുന്നു.
കടലിലെ മത്സ്യസമ്പത്തും തീരദേശത്തെ മരങ്ങളുടെ എണ്ണവും ഒരുപോലെ കുറഞ്ഞതാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചത്. ഒരുകാലത്ത് കടൽപരുന്തുകൾ നിറഞ്ഞുനിന്നിരുന്ന മാഹിയിൽ തീരദേശത്തെ ഒരു ക്ഷേത്രവളപ്പിലെയും നഗരസഭാ പൊതുശ്മശാനത്തിലെയും വൻമരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഇവ കുറ്റിയറ്റു പോയതെന്ന് കണ്ടെത്തിയിരുന്നു.
ഇതിൽ അവശേഷിച്ചവയും കാസർഗോട്ടേക്കുതന്നെ വന്നിരിക്കാമെന്നാണ് കരുതുന്നത്. ഇവിടെയും തീര നവീകരണത്തിന്റെ പേരിൽ ബാക്കിയുള്ള മരങ്ങൾകൂടി മുറിച്ചുമാറ്റിയാൽ ഇവ തീരദേശത്തെ പഴങ്കഥകളിലൊന്നാകും. ഇപ്പോൾ കണ്ടെത്തിയതിൽതന്നെ ഇണകളുടെ എണ്ണം തീർത്തും കുറവാണ്.
ഇവയുടെ മുട്ടയെങ്കിലും കൃത്യമായി വിരിഞ്ഞ് കുഞ്ഞുങ്ങൾ വളർന്നുവന്നില്ലെങ്കിൽ വംശം നിലനിർത്താനാകില്ല. കാസർഗോഡ് ജില്ലയിൽ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ റാഫ്റ്റർ റിസർച്ച് കൺസർവേഷൻ ഫൗണ്ടേഷന്റെയും മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫിന്റെയും സഹായത്തോടെ വെള്ളവയറൻ കടൽപ്പരുന്തിന്റെ കൂടുകളും അവയുള്ള മരങ്ങളും സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ പി. ധനേഷ്കുമാർ പറഞ്ഞു.