ആലപ്പുഴ/അന്പലപ്പുഴ: കാലവർഷം കനത്തതോടെ രൗദ്രഭാവം പൂണ്ട് തിരമാലകൾ. വീടും തൊഴിലും നഷ്ടപ്പെട്ട് തീരദേശവാസികൾ. ജില്ലയിൽ അന്പലപ്പുഴ, കാർത്തികപ്പള്ളി മേഖലയിലായി അഞ്ചു വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്. ചേർത്തലമേഖലയിലും കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞദിവസം റോഡിൽ കുടിൽകെട്ടി സമരവും ദേശീയപാത ഉപരോധവും നടന്നിരുന്നു. കടൽഭിത്തി നിർമാണം ത്വരിതഗതിയിലാക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഒടുവിൽ സമരക്കാർ പിരിഞ്ഞത്.
വീശിയടിച്ചെത്തുന്ന ഭീകര തിരമാലകൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശവാസികൾ. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നീർക്കുന്നം പുതുവൽ സുദർശനന്റെ വീടും സമീപത്തെ മറ്റൊരു വീടും തകർന്നു. 17-ാം വാർഡിലും രണ്ടുവീടുകൾ തകർന്നിട്ടുണ്ട്. എട്ടുവർഷം മുന്പാണ് സുദർശനൻ എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് 710 സ്ക്വയർഫീറ്റു വരുന്ന വീടുവച്ചത്. അന്ന് തീരത്ത് കടൽഭിത്തിയുണ്ടായിരുന്നു. ഇതിൽ നിന്നും ഏറെ മാറിയായിരുന്നു വീടു പണിതതും. പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കടൽഭിത്തിയുടെ കല്ലുകളിളക്കി കടൽ കൊണ്ടുപോയി.
1800 മീറ്ററോളം ഉണ്ടായിരുന്ന കടൽഭിത്തിയുടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂവെന്ന് സുദർശനൻ പറയുന്നു. ജപ്പാൻ സാങ്കേതിക വിദ്യയുപയോഗിച്ചായിരുന്നു അന്നത്തെ കടൽഭിത്തി നിർമാണം. പിന്നീട് പരിസ്ഥി പ്രശ്നങ്ങൾ മൂലം കല്ലുകൾ കിട്ടാതായതോടെ ജിയോട്യൂബെന്ന വിദ്യയും പരീക്ഷിച്ചു. അഞ്ചുവർഷത്തിലധികം അതും നിൽക്കില്ലെന്നാണ് ഇതും കാട്ടിത്തരുന്നതെന്ന് തീരദേശവാസികൾ പറയുന്നു. അന്പലപ്പുഴ വടക്ക് 15-ാം വാർഡിൽ അഞ്ചുവീടുകൾ ഉടൻ കടലെടുക്കുമെന്ന സ്ഥിതിയിലുണ്ട്. പുതുവൽ രാജു, രാജാമണി, രഞ്ജൻ, രാധ, മണിയൻ തുടങ്ങിയവരുടെ വീടുകൾ ഭാഗികമായി തകർന്നിരിക്കുകയാണ്.
കാർത്തികപ്പള്ളി മേഖലയിലും അഞ്ചുവീടുകൾ ഭാഗികമായി തകർന്നു. കടൽ തിരമാലകൾ ശക്തിയാർജിച്ചു വരുന്ന സമയത്ത് കരിങ്കല്ലിറക്കി കടൽഭിത്തി പണിയുന്നത് കടലിൽ കായം കലക്കുന്നതു പോലെയാകുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു. ശക്തമായ തിരമാലയടിക്കുന്പോൾ കരിങ്കല്ല് നിക്ഷേപിക്കുന്പോൾ അതും കടൽ കൊണ്ടുപോകും. ഓണക്കാലത്തെ അത്തക്കടലിനും ശേഷമേ കരിങ്കൽ ഭിത്തി കെട്ടുന്നത് കൃത്യമായി ചെയ്യാനാകൂവെന്നാണ് ഇവർ പറയുന്നത്. എങ്കിലേ കൃത്യമായ പ്രയോജനവും അതുകൊണ്ടുണ്ടാകൂ.
സമരക്കാരെ അനുനയിപ്പിക്കാൻ ഉടൻ കരിങ്കല്ല് ഇറക്കാമെന്നൊക്കെ പറയാമെന്നേ ഉള്ളൂവെന്നതാണ് ഇവരിൽ ചിലരുടെ വാദം. ഇതൊക്കെ കെട്ടിയാലും നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലല്ലോ-തീരദേശവാസികളുടെ ദുഃഖവുമിതാണ്. പലരും ലക്ഷങ്ങൾ ചെലവിട്ടാണ് വീടുകൾ അടക്കം നിർമിച്ചിരിക്കുന്നത്. കടൽക്ഷോഭത്താൽ വീടും സ്ഥലവും അടക്കം പോയവർക്കു തുച്ഛമായ നഷ്ടപരിഹാരമേ ലഭ്യമാകൂവെന്നും ഇവർ പറയുന്നു.
പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെയടുത്ത് വില്ലേജ് ഓഫീസറും തഹസീൽദാറുമടക്കമുള്ള അധികൃതർ എത്തിയിട്ടുണ്ട്. ഇതുകൂടാതെ ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മറ്റു പലയിടത്തും വ്യാപകമായ നാശങ്ങളുണ്ടായിട്ടുണ്ട്. വീടുകൾക്കു മുകളിൽ മരങ്ങൾ വീണതുകൂടാതെ കൃഷിനാശവും സംഭവിച്ചു. ചേർത്തല മേഖലയിൽ ഏഴുവീടുകൾ ഭാഗികമായി തകർന്നു.
അന്പലപ്പുഴയിൽ ഒരുവീട് പൂർണമായും പത്തുവീട് ഭാഗികമായും കുട്ടനാട് മേഖലയിൽ ഒരുവീട് ഭാഗികമായും മാവേലിക്കര മേഖലയിൽ ഒരുവീട് ഭാഗികമായും കാർത്തികപ്പള്ളി മേഖലയിൽ ഒരുവീട് ഭാഗികമായും തകർന്നതായാണ് ഒൗദ്യോഗിക കണക്കുകൾ. കൃത്യമായ കണക്കുകൾ ഇതിലും മേലെ ആയിരിക്കും. കരക്കൃഷിയിലും കാര്യമായ നഷ്ടമുണ്ടായി. ഇതുകൂടാതെ ഇലക്ട്രിക് ലൈനുകളടക്കം പൊട്ടിയും മറ്റുമുണ്ടായ പ്രശ്നങ്ങൾ വേറെയും.