ചേർത്തല: ഒറ്റമശേരിയിൽ കടൽഭിത്തി ഇല്ലാത്ത 500 മീറ്ററിൽ ഒരുമാസത്തിനുള്ളിൽ കടൽഭിത്തി നിർമിക്കുവാനും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകുവാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹനദാസ് ഉത്തരവ് നൽകി. ഇതുസംബന്ധിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ശരത് നൽകിയ ഹർജിയിലാണ് കളക്ടർക്കും ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയത്.
ഇന്നലെ ചേർത്തല റെസ്റ്റ് ഹൗസിൽ സിറ്റിങിന് ശേഷം ഹർജിക്കാരന്റെ അഭ്യർഥന മാനിച്ച് കടലാക്രമണ പ്രദേശങ്ങൾ കമ്മീഷൻ നേരിട്ട് സന്ദർശിച്ചിക്കുകയും ചെയ്തു. തീരമേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അന്പതോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടക്കരപ്പള്ളി പഞ്ചായത്ത് പള്ളിപറന്പിൽ ചിന്നൻ, മനോച്ചൻ, പടിഞ്ഞാറെവെളി ടൈറ്റസ്, കൊച്ചുകടപുറത്ത് ചന്ദ്രമതി, കുന്നുമ്മേൽ സാലസ്, പടിഞ്ഞാറെവീട്ടിൽ എൽസമ്മ, പുത്തൻപുരയ്ക്കൽ കുഞ്ഞ്കുഞ്ഞ് തുടങ്ങിയവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. അർത്തുങ്കൽ ഹാർബറിന്റെ പുലിമുട്ട് മുതൽ വടക്കോട്ട് കടൽഭിത്തി വരെ 480 മീറ്റർ ദൂരമാണ് കടലാക്രമണ ഭീഷണിയിലുള്ളത്.
ഇതിൽ ആദ്യഘട്ടത്തിൽ 80 മീറ്ററും പിന്നീട് 220 മീറ്ററും കല്ലിട്ടെങ്കിലും മധ്യഭാഗത്ത് ഇപ്പോഴും കല്ല് ഇറക്കിയിട്ടില്ല. ഇവിടെ അതിരൂക്ഷമായ കടലാക്രമണമാണ്. ഹർജിക്കാരൻ എസ്.ശരത്, പഞ്ചായത്ത് അംഗം ജെമ്മ മാത്യു, ഹെർബിൻ പീറ്റർ തുടങ്ങിയവരും മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ കണ്ട് പ്രദേശത്തിന്റെ സാഹചര്യങ്ങൾ വിശദീകരിച്ചു.
അർത്തുങ്കൽ ഫിഷിങ് ഹാർബർ യാഥാർഥ്യമായാലേ ജീവിക്കുവാൻ കഴിയൂവെന്ന് മത്സ്യതൊഴിലാളികളും കമ്മീഷനോട് പറഞ്ഞു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മീഷൻ പറഞ്ഞു. കമ്മീഷന്റെ മുൻ ഉത്തരവ് പ്രകാരം കടലാക്രമണത്തെ പ്രതിരോധിക്കുവാൻ കല്ലിട്ടെങ്കിലും ഇവ മണലിൽ താഴ്ന്നുപോവുകയാണെന്നും പറഞ്ഞു. ഇവിടെ കടൽഭിത്തി നിർമിക്കുന്നതിനൊപ്പം പുലിമുട്ടുകളും സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടിട്ടുണ്ട്.