കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കയാണ്. ഇരിട്ടി, തലശേരി, മട്ടന്നൂർ, പയ്യന്നൂർ, തളിപ്പറന്പ്, ആലക്കോട്, ചെറുപുഴ മേഖലകളിൽ വ്യാപകമായ കൃഷിനാശം ഉണ്ടായി.
കല്ലിക്കണ്ടി പുഴയിൽ വീണ് കാണാതായ യുവാവിനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാലവർഷ കെടുതിയിൽ ഈ വർഷം ജില്ലയ്ക്ക് നഷ്ടമായത് 16 ജീവനുകളാണ്. 30 വീടുകൾ പൂർണമായും 1269 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ 84.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. പഴശിഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കടലോര പ്രദേശങ്ങളായ മാട്ടൂൽ, അഴീക്കൽ, തയ്യിൽ എന്നിവിടങ്ങളിൽ കടലാക്രമണങ്ങൾ രൂക്ഷമാണ്.
ഇരിട്ടി മേഖലയില്‍ കനത്ത മഴ തുടരുന്നു. വ്യാപകമായ കൃഷി നാശവും. കഴിഞ്ഞ ഒന്നര ദിവസമായി നിലയ്ക്കാതെ പെയ്യുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഗ്രാമപ്രദേശങ്ങളിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്.കനത്ത മഴയിൽ ഇരിട്ടി മേഖലയില്‍ കിണറുകള്‍ ഇടിഞ്ഞ് താഴുന്ന സംഭവം പതിവാണ്.ഇന്നലെ വട്ട്യറയില്‍ ഒരു കിണര്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു.
ശക്തമായി തുടരുന്ന മഴ തലശേരിയുടെ തീരദേശത്ത് തിങ്ങി പാർക്കുന്ന ജനങ്ങളുടെ മനസിൽ കനത്ത ഭീതിയാണ് വിതച്ചിട്ടുള്ളത്. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് പെട്ടിപ്പാലം കോളനിയിലെ അന്തേവാസികൾ പല ദിവസങ്ങളിലും തങ്ങളുടെ കൂരകൾ വിട്ട് റോഡിലിറങ്ങി നിൽക്കേണ്ടി വരുന്നു. ശക്തമായ തിര ഭാഗീകമായിട്ടുള്ള കടൽഭിത്തിയും കടന്ന് കുടിലുകൾക്കുള്ളിലൂടെ ദേശീയ പാതയിൽ വരെ എത്തുന്നു.
ഈ സമയം കൈക്കുഞ്ഞുങ്ങളുമായി സ്ത്രീ ഉൾപ്പെടെ ഉള്ളവർ മഴയെ അവഗണിച്ച് റോഡിൽ അഭയം തേടുന്ന ദയനീയ കാഴ്ചയാണ് പെട്ടിപ്പാലം കോളനിയിൽ അരങ്ങേറുന്നത്. ഇവിടത്തെ കുടിലുകളിൽ ഭൂരിഭാഗവും ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും തീർത്തതാണ്. വേലിയേറ്റ സമയത്താണ് ഏറ്റവും ശക്തമായ കടൽ ക്ഷോഭം ഉണ്ടാരുന്നത്. പെട്ടിപ്പാലം കോളനിയിലെ അന്തേവാസികളുടെ ദുരിതങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
പെട്ടിപ്പാലം കോളനിയുടെ സ്ഥിതി ഇതാണെങ്കിൽ തലശേരിയുടെ പൈതൃക സമ്പത്തുകൾ പലതും ഈ കാലവർഷം കഴിയുമ്പോഴേക്കും നാമവശേഷമാകുന്ന സ്ഥിതിയാണുള്ളത്.കടൽ പാലവും പാണ്ടികശാലകളും തകർച്ചയുടെ വക്കിലാണ്. കടൽ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് കടൽ പാലത്തിലേക്കുള്ള കവാടം കല്ല് കെട്ടി അടച്ച് പ്രവേശനം നിരോധിച്ചിട്ട് മാസങ്ങളായി.
കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് കടൽ പാലത്തിന്റെ നവീകരണത്തിനായി മാറി മാറി വന്ന സർക്കാറുകൾ പ്രഖ്യാപിച്ചത്.എന്നാൽ അവയൊക്കെ ഇപ്പോഴും കടലാസിൽ തന്നെയാണുള്ളത്.ഇതോടൊപ്പം തലശേരി മത്സ്യ മാർക്കറ്റും കടൽ എടുക്കുന്ന സ്ഥിതിയിലാണുള്ളത്.കടൽക്ഷോഭത്തിൽ മാർക്കറ്റിനു മുന്നിൽ ഭീമൻ ഗർത്തം തന്നെ രൂപപ്പെട്ടിരുന്നു. തലശേരി ജനറൽ ആശുപത്രിയും കടലാക്രമണ ഭീഷണിയിലാണ്.
ബി വാർഡിന്റെ ഭിത്തിയിൽ വരെ തിരമാലകൾ ആർത്തലച്ച് എത്തുന്നുണ്ട്. ശക്തമായ മഴ തുടരുന്നത് നഗരത്തിൽ വെള്ളപ്പൊക്കവും സാധാരണമാക്കി മാറ്റി.നാരങ്ങാപ്പുറം, ജൂബിലി റോഡ്, കയ്യാലി, മക്കോടി, പുന്നോൽ താഴെ വയൽ, ഇല്ലത്ത് താഴ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്നു. നഗരത്തിൽ വെള്ളമുയരുന്നതോടെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കും പതിവായി മാറി. മഴയെ തുടർന്ന് ഒ.വി. റോഡുൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളിൽ പലതും തകരുകയും ചെയ്തു.