തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് ചൊവ്വാഴ്ചരാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.
തീരത്തോടടുത്താണു പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുന്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ചൊവ്വാഴ്ച രാത്രി വരെ തുടരും.
ഓഖി വിതച്ച ദുരിതങ്ങളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തീരദേശ ജനത കരകയറുന്നതിനിടയിലാണ് ദിവസങ്ങളായി തുടരുന്ന കടലാക്രമണം തീരത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കടൽക്ഷോഭത്തിൽ നൂറുകണക്കിനു വീടുകൾ തകരുകയും ഇതേ തുടർന്ന് നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.