കൊല്ലം: ജില്ലയിൽ കൊല്ലം മുണ്ടയ്ക്കൽ മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ കാപ്പിൽ വരെ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച കടലേറ്റം ശമനമില്ലാതെ തുടരുന്നു. പരവൂർ കോങ്ങാൽ മുതൽ താന്നിവരെയുള്ള ഭാഗത്ത് ശക്തമായ തിരമാലകൾ ഇന്ന് രാവിലെയും തീരത്തേക്ക് നിരവധി തവണ ഇരച്ചുകയറി.
നാലു മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയർന്ന് പൊങ്ങുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുക്കം ഭാഗത്ത് 30 മീറ്റർ വരെയാണ് കടൽ കയറിയത്. താന്നിയിലും മുക്കത്തും തീരദേശ റോഡിലും വെള്ളം കയറി. എന്നാൽ ഇതുവഴിയുള്ള ഗതാഗതത്തിന് കാര്യമായ തടസങ്ങൾ ഉണ്ടായിട്ടില്ല.
കൊല്ലം മുണ്ടയ്ക്കൽ, ഇരവിപുരം, താന്നി, മുക്കം, പൊഴിക്കര, ചില്ലയ്ക്കൽ, തെക്കുംഭാഗം, കാപ്പിൽ മേഖലയിലാണ് കടലേറ്റം ശക്തമായി അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവിടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വള്ളങ്ങളും വലകളുമൊക്കെ മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
ചില്ലയ്ക്കൽ, പൊഴിക്കര, മുക്കം, ഇരവിപുരം മേഖലകളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്ന് മീൻ പിടിത്തത്തിന് പോയില്ല. ചെറുവള്ളങ്ങളിലാണ് ഇവിടെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാറുള്ളത്. മത്സ്യബന്ധനത്തിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഈ മേഖലയിൽ കാര്യമായ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊല്ലം ബീച്ച്, അഴീക്കൽ ബീച്ച്, മുക്കം ബീച്ച് എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതൽ തന്നെ പ്രദേശത്ത് പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്. അതേ സമയം കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തിനും ബീച്ചിനും മധ്യേയുള്ള വെടിക്കുന്ന് പ്രദേശത്ത് കടലേറ്റം ഇന്നലെ കാര്യമായ നാശം വിതച്ചു. നിരവധി വീടുകൾ തകർന്നു.
ചില വീടുകൾക്ക് ഭാഗികമായ കേടുപാടുകളും ഉണ്ടായി. ഇവിടങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും ഇന്നലെ ഉച്ചയോടെ തന്നെ ബന്ധു വീടുകളിലേയ്ക്ക് മാറുകയും ചെയ്തു. ഇവിടെ ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടവും സെന്റ് ജോർജ് ചാപ്പലിന്റെ ചുറ്റുമതിലും തകർന്നു. ചാപ്പലിന് മുന്നിലെ റോഡും ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. ചാപ്പലിലെ രൂപങ്ങൾ ബന്ധപ്പെട്ടവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
കടൽക്ഷോഭം അനിയന്ത്രിതമായാൽ ഈ മേഖലയിൽ താമസിക്കുന്നവരെ ഇരവിപുരം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്്ടറും അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണ് . അടിയന്തിര സഹായങ്ങൾക്കായി കളക്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.