ചാവക്കാട്: മാനം കറുക്കുന്പോൾ തീരവാസികളുടെ നെഞ്ചിൽ തീയാണ്. കടൽ കോപത്തിൽ ശേഷിക്കുന്നത് കൂടി കടൽ വിഴുങ്ങുമെന്ന ആധിയിലാണ് നെഞ്ചിടിപ്പ്.
തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെ കടൽ കരയ്ക്കു കയറുകയാണ്. കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ബാക്കിയുള്ള വീടുകളും സ്ഥലവും സംരക്ഷിക്കാൻ ഒരു നടപടിയുമില്ല.
കടൽ ക്ഷോഭമുണ്ടാകുന്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തും. വാഗ്ദാനങ്ങളും ഉറപ്പും നൽകും. അതോടെ തീർന്നു തീരസംരക്ഷണം.
രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരും. രാഷ്ട്രീയം നോക്കി തീരപ്രദേശത്തുള്ളവർ പക്ഷം പിടിക്കും. ഇതിനിടയിൽ കടൽ ശാന്തമാകും. ഉറപ്പു നൽകിയവരും കേട്ടവരും മറന്നു. ഇനി അടുത്ത സീസണിൽ.
വർഷങ്ങളായി തൊട്ടാപ്പ് – മുനക്കകടവ്-അഴിമുഖം മേഖലയിൽ കടൽ ക്ഷോഭം തുടരുന്നു. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ നൂറു കണക്കിനു വീടുകളും തെങ്ങും കടൽ കൊണ്ടുപോയി.
ഏക്കർ കണക്കിനു സ്ഥലവും തീരത്തുണ്ടായിരുന്ന കൂറ്റൻ കടൽഭിത്തികളും തകർന്നു. ജിയോ ബാഗുകൾ നിരത്തിയെങ്കിലും ഒരു പ്രയോജനവുമില്ല.
ഭിത്തി തകർന്ന ഭാഗത്തുകൂടിയും ഭിത്തി കെട്ടാത്ത സ്ഥലത്തു കൂടിയും കടൽ കരയ്ക്കു കയറുകയാണ്. ശക്തമായ മഴ നേരത്തെ എത്തിയതോടെ കടൽ കോപവും രൂക്ഷമായി.
പതിവു കടൽ ക്ഷോഭത്തിന് പുറമേ വേലിയേറ്റവും തീരവാസികൾ പൊറുതിമുട്ടി. ആർത്തിരന്പി വരുന്ന തിരമാല തീരത്തല്ല കടലോര വാസികളുടെ നെഞ്ചിലാണു പതിക്കുന്നത്.
ഓരോ വർഷം കഴിയും തോറും കടൽ കൂടുതൽ കരയ്ക്കു കയറുകയാണ്.തീരം ഇല്ലാതാക്കുന്പോൾ തീരവാസികളുടെ സ്വപ്നമാണു തകരുന്നത്. കടൽഭിത്തിയുടെ പുനർനിർമാണം, മിനി പുലിമുട്ട്, ശാശ്വത പരിഹാരത്തിനു മാർഗം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടിയന്തര നടപടികളിലേക്കു കടക്കണം. ഇല്ലെങ്കിൽ എട്ടു കിലോമീറ്റർ ദൂരത്തിൽ തീരം കടലായി മാറുന്നത് അതിവിദൂരമല്ല. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി പറഞ്ഞു.