തുറവൂർ: തീരദേശ മേഖലയിൽ കടലേറ്റം രൂക്ഷം. തിരമാലയായും അല്ലാതേയും കരയിലേയ്ക്ക് രൂക്ഷമായ രീതിയിൽ വെള്ളം തള്ളിക്കയറുകയാണ്. ഒറ്റമശേരി തൈക്കൽ ഭാഗങ്ങളിൽ കുറച്ചു വീടുകൾക്ക് ഇന്നലെയുണ്ടായ കടലാക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശക്തമായ കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിൽ പല വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
തിരമാലകളുയരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തീരദേശം ജാഗ്രതയിലും ഭീതിയിലുമാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോയിട്ടില്ല. തീരക്കടലിൽ നങ്കൂരമിടുന്ന വള്ളങ്ങൾ പൂർണമായും കരയിലേയ്ക്ക് മറ്റിയിരിക്കുകയാണ്. ചെല്ലാനം ഹാർബറിൽ നിന്നും, ചാപ്പക്കടവ്, അന്ധകാരനഴി, വെട്ടയ്ക്കൽ, തൈക്കൽ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് ചെറുവള്ളങ്ങളും, മുറി വള്ളങ്ങളും പുലർച്ചേ കടലിൽ പോകുന്നതാണ്.
എന്നാൽ തിരമാലകൾ ഉയരുമെന്നും, കടൽക്ഷോഭത്തിന്േറയും മുന്നറിയിപ്പ് ലഭിച്ചതോടെ ഇന്നലെ പുലർച്ചേ മുതൽ ഒരു വള്ളവും കടലിൽ പോയിട്ടില്ല. കൂടാതെ കടൽ തീരത്തു നിന്ന് വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞയിടെ രാത്രിയിലുണ്ടായ തിരയിളക്കത്തിൽ വള്ളങ്ങൾ തകർന്നിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തിലാണ് വള്ളങ്ങൾ തീരത്തു നിന്ന് മാറ്റിയതെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരദേശത്ത് ചിലയിടങ്ങളിൽ കടൽ ഇളകിയിട്ടുള്ളതായും മത്സ്യതൊഴിലാളികൾ പറഞ്ഞു. ഓഖി ദുരന്തത്തിനു ശേഷം വറുതിയിലായ തീരം ഇപ്പോഴും പുർണമായി ഇതിൽ നിന്ന് മുക്തമായിട്ടില്ല. തീരത്തോട് അടുത്തു താമസിക്കുന്ന വീടുകളിലുള്ളവർ രാത്രി കാലങ്ങളിൽ ബന്ധുക്കളുടെ വീടുകളിലാണ് ഉറങ്ങുന്നത്. ഇതിനിടയിലാണ് തീരദേശത്തെ വീണ്ടും ഭയപ്പാടിലാഴ്ത്തി കടലേറ്റമുണ്ടായിരിക്കുന്നത്.