വൈപ്പിന്‍: വൈപ്പിനില്‍ നായരമ്പലത്തും എടവനക്കാടും കടല്‍ക്ഷോഭം രൂക്ഷമായി. ഇതോടെ ആയിരത്തോളം മത്സ്യത്തൊഴിലാളികുടുംബങ്ങൾ കടലാക്രമണ ഭീതിയിലാണ്. വേലിയേറ്റ സമയങ്ങളിലാണ് കടല്‍ കൂടുതല്‍ പ്രഷുബ്ധമാകുന്നത്.
കടല്‍ഭിത്തി തകര്‍ന്ന് കിടക്കുന്നഭാഗങ്ങളിലൂടെയും ദുര്‍ബലമായ ഭാഗങ്ങളിലൂടെയുമാണ് കടല്‍ കരയിലേക്ക് കയറുന്നത്. കൂടാതെ ശക്തമായ കൂറ്റന്‍ തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ തീരദേശറോഡിലേക്ക് എത്തുന്നുമുണ്ട്. രാവിലെ 11 ഓടെ തുടങ്ങുന്ന കടലാക്രമണം ഉച്ചകഴിഞ്ഞ് രണ്ടര വരെ നീളും.
വെളിയത്ത് പറമ്പ് പുത്തന്‍ കടപ്പുറത്ത് കടല്‍ ഭിത്തി തകര്‍ന്ന് കടല്‍വെള്ളം കരയിലേക്കൊഴുകുകയാണ്. കടല്‍ ഭിത്തിക്ക് മകുളിലൂടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ തീരദേശത്തെ വീടുകളിലേക്കാണ് പാഞ്ഞുവരുന്നത്. ഇവിടെ കടല്‍ഭിത്തിയോട് ചേര്‍ന്ന ഏഴോളം വീടുകളില്‍ ഇന്നലെ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
ഇതോടെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനങ്ങളും തടസപ്പെട്ടു. ഇവിടെ പലയിടത്തും കടല്‍ഭിത്തിക്ക് കേടുപാടുണ്ട്. ഇതൊന്നും സമയബന്ധിതമായി പുനര്‍നിര്‍മിക്കാത്തതാണ് വിനയായിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് പിന്നിലെ കടല്‍ഭിത്തി കഴിഞ്ഞ ദിവസത്തെ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നു. ഇതിലൂടെയാണ് കൂടുതലായും വെള്ളം ഇരച്ചു കയറുന്നത്.
കടല്‍ വെള്ളം കരയിലേക്ക് ഒഴുകുന്നതിനാല്‍ ഒന്നരകിലോമീറ്ററോളം വരുന്ന തീരദേശ റോഡിന്റെ തെക്ക് ഭാഗം വെള്ളത്തിനടിയിലാണ്. എല്ലാ വര്‍ഷകാലത്തും ഇവിടെ കടല്‍ ക്ഷോഭം ഉണ്ടാകുക പതിവാണ്.
ഇത് അറിയാമായിരുന്നിട്ടും രണ്ട് ദിവസം മുമ്പാണ് ഇവിടെ കടല്‍ വെള്ളം വീടുകളിലേക്ക് ഒഴുകാതിരിക്കാനുള്ള വാട നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് എത്തിയത്. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബുവിന്റെ നേതൃത്വത്തില്‍ അംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും കടപ്പുറം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
എടവനക്കാട് പഴങ്ങാട് സ്ഥിതി രൂക്ഷം
എടവനക്കാട് തീരത്ത് അണിയല് മുതല്‍ ചാത്തങ്ങാട് വരെയാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. കൂട്ടുങ്കല്‍ ചിറ ഭാഗത്ത് കടല്‍ഭിത്തി താഴ്ന്ന് പോയ ഭാഗത്തുകൂടെ കടല്‍വെള്ളവും മണലും അടിച്ചു കയറി ഇവിടെ തീരദേശറോഡ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.
പഴങ്ങാട് ഭാഗത്ത് തകര്‍ന്ന കടല്‍ഭിത്തിക്ക് മുകളിലൂടെ കടല്‍ത്തിരകള്‍ അടിച്ചു തീരദേശ റോഡ് പലഭാഗങ്ങളിലും തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമുള്ളതിനാല്‍ വീടുകളിലേക്ക് വെള്ളം എത്തുന്നില്ല.
അതേ സമയം സ്ഥിതി രൂക്ഷമായാല്‍ ഇവിടെ 300 ഓളം വീടുകള്‍ക്ക് ഭീഷണിയാണ്. കടല്‍ക്ഷോഭം തടയാന്‍ എടവനക്കാട് തീരത്ത് പുതുതായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത് ഇനിയും പുലിമുട്ടുകള്‍ നിര്മിക്കാനുണ്ടെങ്കിലും ഇതിന്റെ നിര്‍മാണം പാതിഴയില് നിലച്ചു കിടക്കുകയാണ്.
ജിയോ ട്യൂബുകള്‍ നിരത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് തീരദേശത്തുകാരുടെ അഭിപ്രായം. തീരത്തിനു തൊട്ടു കിഴക്കു ഭാഗത്തെ മൂരിപ്പാടം പോലുള്ള മേഖലകള്‍ താഴ്ന്ന പ്രദേശമായതിനാല്‍ ശക്തമായ മഴപെയ്താല്‍ ഇവിടെയും വീടുകളിൽ വെള്ളംകയറും.
ഓഖി പാക്കേജ് നടപ്പിലാക്കാത്തത് വിന
ഓഖി കാറ്റ് അടിച്ച സമയത്ത് നായരമ്പലത്ത് പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കാത്തതാണ് കടല്‍ക്ഷോഭം താങ്ങാതെ ജനം വലയുന്നതെന്ന് പഞ്ചായത്ത് പ്രതിപക്ഷം ആരോപിച്ചു. ഓഖി കാറ്റടിച്ചപ്പോള്‍ തീരത്തും കിഴക്കുമാറിയുമുള്ള 250 ഓളം കുടുംബങ്ങളാണ് കടല്‍ വെള്ളം കയറി കഷ്ടതയനുഭവിച്ചത്.
കടലില്‍നിന്നും അടിച്ചു കയറുന്ന വെള്ളം തീരദേശറോഡിനു കുറുകെ താഴെയായി സ്ഥാപിച്ചിട്ടുള്ള കുഴലുകള്‍ വഴി ഒഴുകി കിഴക്ക് ഭാഗത്തെ തോടുകളിലേക്ക് പൂര്‍ണമായും ഒഴുകി പോകുന്നില്ല. പല കുഴലുകളും അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല വെള്ളം ഒഴുകിപ്പോകേണ്ട തോടുകള്‍ പലതും നികന്നു കിടക്കുന്നതിനാല്‍ നീരൊഴുക്ക് കുറവാണ്.
ഇതാണ് കടല്‍ ക്ഷോഭിക്കുമ്പോള്‍ നായരമ്പലം പുത്തന്‍ കടപ്പുറത്ത് റോഡും വീടുകളും വെള്ളത്തിലാകാന് കാരണം. ഇതിനായി കുറുകയുള്ള 33 കുഴലുകളും മാറ്റി ഇവിടെ ഉയര്‍ത്തി കള്‍വട്ടുകള്‍ കെട്ടണമെന്ന ആവശ്യത്തില്‍ ഓഖി കാലത്ത് എംഎല്‍എയും ഉദ്യോഗസ്ഥന്മാരും ഉറപ്പ് നല്‍കുകയും ഓഖിയുടെ പുരനധിവാസത്തിനായി ജില്ലയില്‍ നിന്നും സമര്‍പ്പിച്ച 50 കോടിയില്‍ ഇത് പെടുത്തുകയും ചെയ്തിരുന്നതാണെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വര്‍ഗീസ് എന്നിവര്‍ പറയുന്നു.
എന്നാല്‍ ഇന്നും ഇത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. മാത്രമല്ല നായരമ്പലത്ത് കടല്‍ക്ഷോഭം ലഘൂകരിക്കാന്‍ പുലിമുട്ട് നിര്‍മിക്കണമെന്ന തീരദേശത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നായരമ്പലത്ത് കടലാക്രമണം തടയുന്നതിനു വേണ്ടി തകര്‍ന്നു കിടക്കുന്ന കടല്‍ ഭിത്തി പുനര്‍ നിര്‍മിക്കണമെന്നും താല്‍ക്കാലികമായി മണല്‍ വാടകളും ജിയോ ബാഗുകളും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സേവ് നായരമ്പലം തീരം എന്ന പേരിൽ കോണ്‍ഗ്രസ് നായരമ്പലം മണ്ഡലം കമ്മറ്റി സമരം തുടങ്ങും.
ജനങ്ങളുടെ ദുരിത ജീവിതത്തിനു പരിഹാരം കാണുന്നതിന് എംഎല്‍എയും പഞ്ചായത്ത് അധികൃതരും ഉടന്‍ ഇടപ്പെട്ടില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് (ഐ) നായരമ്പലം മണ്ഡലം പ്രസിഡന്റ് പി.ജെ. ജസ്റ്റിന്, പഞ്ചായത്ത് പ്രതിക്ഷ നേതാവ് ജോബി വര്‍ഗീസ്,
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ അഗസ്റ്റിന് മണ്ടോത്ത് ടി.എന്‍. ലവന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചന്, ജെസി ഷിജു എന്നിവര്‍ അറിയിച്ചു.