മുളങ്കുന്നത്തുകാവ്: കടൽത്തിരയിൽപെട്ട കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അഗ്നിശമന സേനാംഗത്തിനു കാലിൽ പാന്പുകടിയേറ്റു. കടിയേറ്റ മലപ്പുറം പുതുപൊന്നാനി ചന്തക്കാരകത്ത് വീട്ടിൽ മൊയ്തിന്റെ മകൻ സാദിക്കിനെ (25) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറിന് പൊന്നാനിയിൽ വച്ചാണ് സംഭവം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കടൽ കാണാൻ എത്തിയ കുട്ടി പുഴയും കടലും ചേരുന്ന ഭാഗത്ത് ഇറങ്ങിയപ്പോൾ തിരയിൽപെടുകയായിരുന്നു. തുടർന്ന് ഹാർബറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സാദിക് ചാടി ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയങ്കിലും പാന്പുകടിയേൽക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ ചണ്ടികൾ പുഴയിലൂടെ ഒലിച്ചുവന്ന് കടൽതീരത്ത് നിറയെ കിടക്കുന്നുണ്ടായിരുന്നു.
ഇതിൽ കുടുങ്ങിക്കിടന്നിരുന്ന പാന്പാണ് സാദിക്കിനെ കടിച്ചത്. സാദിക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു