വൈപ്പിൻ: കനത്ത മഴയെത്തുടർന്ന് കടൽക്ഷോഭിച്ചതോടെ വൈപ്പിൻ തീരത്ത് കടലാക്രമണം. ഇതോടെ തീരദേശം ഭീതിയിലായി. കഴിഞ്ഞ രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലായി. ഇടറോഡുകൾ എല്ലാം കനത്ത വെള്ളക്കെട്ടിലാണ്.
മുനന്പം, ചെറായി, എടവനക്കാട്, നായരന്പലം മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുനന്പം വേളാങ്കണ്ണിക്കടപ്പുറത്ത് കടൽഭിത്തിക്ക് മുകളിലൂടെ കടൽ ഇരന്പിക്കയറി. തീരദേശ റോഡിലേക്കും പള്ളിയിലേക്കും പരിസരത്തെ വീടുകളിലേക്കും കടൽ വെള്ളം ഒഴുകിയെത്തി. ഈ ഭാഗത്ത് കടൽഭിത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിനു പിന്നിലാണ് കടൽ തിരകൾ വന്നടിക്കുന്നത്.
ചെറായിലും കുഴുപ്പിള്ളി, എടവനക്കാട് മേഖലയിലും കടൽ ഭിത്തിക്ക് മുകളിലൂടെ വെള്ളം അടിച്ചു കയറി തീരദേശ റോഡിലേക്ക് ഒഴുകി. ഈ മേഖലയിൽ റോഡിൽ മണലും അടിഞ്ഞിട്ടുണ്ട്. ഇതിനാൽ തീരദേശ റോഡിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ കടൽ ഭിത്തി ഇല്ലാതെ മണൽ ബണ്ട് ഉള്ളിടങ്ങളിലാണ് കടൽകയറ്റം രൂക്ഷം. വെള്ളം കുത്തിയൊഴുകി ബണ്ട് തകർത്താണ് കടൽ വെള്ളം തീരദേശ റോഡിലേക്ക് ഒഴുകുന്നത്.
കുഴുപ്പിള്ളി ഭാഗത്ത് രണ്ട് ദിവസമായി വേലിയേറ്റ സമയങ്ങളിൽ കടൽ കയറ്റം ഉണ്ടെന്ന് തീരദേശത്തുകാർ പറയുന്നു. എന്നാൽ ഈ മേഖലയിൽ തീരദേശ റോഡിനോടടുത്ത് വീടുകൾ കുറവായതിനാലും കടലിൽനിന്നു കയറുന്ന വെള്ളം ഒഴുകിപ്പോകാൻ വഴിയുള്ളതിനാലും വീടുകളിലേക്ക് ഒഴുകിയെത്തുന്നില്ല.
സെയ്തു മുഹമ്മദ് റോഡിനു പടിഞ്ഞാറ് ഭാഗത്തും പഴങ്ങാട് പടിഞ്ഞാറും കടൽഭിത്തിക്ക് മുകളിലൂടെ വെള്ളം അടിച്ചു കയറി തീദേശ റോഡിൽ ഗതാഗതം മുടങ്ങിക്കടക്കുകയാണ്. ചിലയിടങ്ങളിൽ മണലും അടിഞ്ഞിട്ടുണ്ട്.
അണിയൽ കടപ്പുറത്തും നായരന്പലം, പുത്തൻ കടപ്പുറത്ത് പള്ളിക്കടുത്തും വടക്ക് മാറിയും ഞാറക്കൽ മേഖലയിലും കടൽഭിത്തിക്ക് മുകളിലൂടെ വെള്ളം അടിച്ചു കയറുന്നുണ്ടെങ്കിലും സ്ഥിതി രൂക്ഷമല്ല. കടൽ പ്രക്ഷുബ്ദമായതിനാൽ മൂന്ന് ദിവസമായി മത്സ്യതൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനിറങ്ങിയിട്ടില്ല.