എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കടലാക്രമണവും തുടരുന്നു. അടുത്ത രണ്ടു ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കെടുതിയിൽ സംസ്ഥാനത്ത് എട്ടു പേരെ കാണാതായി. ഇതിൽ തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് മത്സ്യ ബന്ധനത്തിന് കടലിൽ പോയ നാലുപേരും ചവറ നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ മൂന്നുപേരും കോട്ടയത്ത് ആറിൽ ഒഴുകി വന്ന തടിപിടിക്കാൻ ഇറങ്ങിയ ഒരാളേയുമാണ് കാണാതായത്.
കാണാതായവരെ കണ്ടെത്താൻ നേവിയും ഫയർഫോഴ്സും മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റുഗാർഡും പോലീസും വ്യാപക പരിശോധന നടത്തുന്നുണ്ട്. വിഴിഞ്ഞത്തും കൊല്ലത്തും നിന്നും കാണാതായവരെ കണ്ടെത്താൻ വ്യോമസേനയുടെ ഡോണിയർ വിമാനവും ഹെലികോപ്റ്ററും എത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ കടൽക്ഷോഭവും വടക്കൻജില്ലകളിൽ കനത്തമഴയുമാണ് കെടുതികൾ ഉണ്ടാക്കുന്നത്.
കാസർഗോഡ് റെഡ് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതിനാൽ തുടർ ദിവസങ്ങളിൽ കനത്തമഴ ഉണ്ടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്നും കൊല്ലത്തു നിന്നും കാണാതായവരെ കണ്ടെത്താൻ വൈകുന്നുവെന്ന് ആരോപിച്ച് കാണാതായവരുടെ ബന്ധുക്കളും മത്സ്യതൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പത്തു ബോട്ടുകളിലായി വിഴിഞ്ഞത്തു നിന്നും മത്സ്യത്തൊഴിലാളികൾ കാണാതായവരെ തിരഞ്ഞ് കടലിലേക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മത്സ്യ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയ പല്ലുവിളകൊച്ചു പള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), പല്ലുവിള കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരെയാണ് കാണാതായത്. തമിഴ്നാട് നീരോടി സ്വദേശികളായ ജോൺ ബോസ്കോ, ലൂർഥ് രാജ്, സഹായരാജ് എന്നിവരെയാണ് കൊല്ലത്തു നിന്ന് കാണാതായത്.
സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. ആയിരത്തോളം പേർ ഇവിടെ കഴിയുന്നുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കുടുതൽപേർ ദുരിതാശ്വസ ക്യാന്പിലുള്ളത്. അഞ്ഞൂറോളം പേർ ബിമാപള്ളി വെട്ടുകാട്, വലിയതുറ ഭാഗങ്ങളിൽ ആരംഭിച്ച ക്യാന്പുകളിലുണ്ട്.
കൊല്ലം,ആലപ്പുഴ,കണ്ണൂർ,കോഴിക്കോട് ജില്ലാകളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടക്കുന്നതേയുള്ളു. ഇതിനാൽ വിവരങ്ങൾ ഇന്നു വൈകുന്നേരത്തോടെ ലഭ്യമാകൂ. കടലാക്രമണം രൂക്ഷമായതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മത്സ്യതൊഴിലാളികളിൽ ഭൂരിഭാഗവും മത്സ്യബന്ധനത്തിന് കടലിൽ പോകുന്നില്ലായിരുന്നു. ഇതു കാരണം തീരദേശമേഖല പട്ടിണിയിലാണ്.
ദുരിതാശ്വാസക്യാന്പിലടക്കം റേഷനടക്കമുള്ള ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ഒരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇതു തീരദേശമേഖലയിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അരുവിക്കര,പെരുവണ്ണാമുഴി പെരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ കാരണം നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞും റോഡു ഗതാഗതം പലയിടത്തും തടസപ്പെടുന്നുണ്ട്.
മഴയും കടലാക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ ജില്ലാകളക്ടർമാർക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മിക്കജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ആസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കരയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് ഫലംകണ്ടത്. എൻജിൻ തകരാറു മൂലമാണ് മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽ കുടുങ്ങിയതെന്നും മൂന്ന് ദിവസമായി ഇവർ ആഹാരം കഴിച്ചിട്ടില്ലെന്നും ഇവരെ രക്ഷപ്പെടുത്തിയവർ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടു മുതലാണ് വിഴിഞ്ഞത്തു നിന്ന് നാല് പേരെ കാണാതായത്. ഇവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ്, സ്വന്തം നിലയ്ക്ക് തെരച്ചിൽ നടത്താൻ ഇവർ കടലിലേക്ക് തിരിച്ചത്.