ആലപ്പുഴ: ജില്ലയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിയും നിയുക്ത എംഎൽഎയുമായ പി.പി. ചിത്തരഞ്ജൻ സന്ദർശനം നടത്തി.
കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമാണ് സന്ദർശനം നടത്തിയത്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരപ്രദേശത്തെ വീടുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം സ്റ്റാലിൻ, ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശ്ശേരി, ഫാ. അലക്സ്, ഫാ. ജോൺസൺ എന്നിവർ സന്ദർശന വേളയിൽ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
തുറവൂർ: ശക്തമായ മഴയ്ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. അന്ധകാരനഴി സെന്റ് സേവ്യേഴ്സ് പള്ളിയിലും വെള്ളം കയറി.
കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്ക്കുന്ന ചെല്ലാനത്ത് ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതും ദുഷ്കരമാണ്. 60 ശതമാനത്തോളമാണ് ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുള്ളവരെയും, നിരീക്ഷണത്തില്‍ ഉള്ളവരെയും, രോഗമില്ലാത്തവരെയും വേര്‍തിരിച്ചാണ് ക്യാംപുകളിലേക്ക് മാറ്റുന്നത്.