തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം. വലിയതുറ, പൂന്തുറ, പള്ളിത്തുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തീരങ്ങളിൽ മണൽതിട്ട തകർന്ന് തീരം കവർന്ന് കടൽ മുന്നേറി.
തീരത്തെ 180 ലേറെ വീടുകളിൽ വെള്ളം കയറി.വലിയതുറയിൽ രൂക്ഷമായ കടലാക്രമണത്തിൽ നിരവിധി വീടുകളുടെ ഭിത്തി ഇടിഞ്ഞുവീണു.
ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച നാളുകളിൽ കടലേറ്റമുണ്ടായപ്പോൾ മൂന്നാം നിരയിലുണ്ടായിരുന്ന വീടുകളാണ് ഇന്നലത്തെ കടലേറ്റത്തിൽ തകർന്നത്.
കൊച്ചുതോപ്പ് മേഖലയിലും ഇന്നലെ കടൽ കയറുകയും വീടുകളിലേക്ക് കടൽ ഇരച്ചുകയറുകയും ചെയ്തു. ഇന്നലെ രാവിലെയുണ്ടായ കടൽക്ഷോഭത്തിൽ കൊച്ചുതോപ്പിലെ ഫ്രെഡിയുടെ വീട് തകർന്നുവീണു.
ജോർജിന, ലിൻഡ, ബേബി എന്നിവരുടെ വീടുകളും തകർന്നു. ഇവിടെ മുപ്പതോളം വീടുകളിൽ വെള്ളം കയറി.പൂന്തുറയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറി.
അഞ്ചുതെങ്ങിലും രൂക്ഷമായ കടലാക്രമണം തുടരുകയാണ്്. കടൽ ഭിത്തി കടന്ന് വെള്ളം അകത്തേക്ക് ഇരച്ചുകയറുകയാണ്.