ചേർത്തല : കടലാക്രമണഭീഷണി ശക്തമായ കടക്കരപ്പള്ളി ഒറ്റമശേരിയിൽ പാറയിറക്കൽ തുടങ്ങി. 28 ലക്ഷത്തിന്റെ അടിയന്തര പ്രവൃത്തിയാണ് തിങ്കളാഴ്ച ആരംഭിച്ചത്..കടൽഭിത്തിയില്ലാത്ത 520 മീറ്ററോളം ഭാഗത്ത് ഏതാനും വീടുകൾ തകർച്ചാഭീഷണി നേരിടുന്നത് കണക്കിലെടുത്താണ് അടിയന്തരമായി പാറയിറക്കാൻ നടപടിയായത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാനേതൃത്വം മന്ത്രി ജി.സുധാകരനെ സ്ഥിതിഗതികൾ ബോധിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തരനടപടി.
നാല് ലോഡ് പാറയാണ് തിങ്കളാഴ്ച എത്തിച്ചത്. അഞ്ച് വീടുകൾ തകർച്ചാഭീഷണിയിലായ കടലോരത്താണ് പാറനിരത്തുന്നത്. ലോറിയിലെത്തിക്കുന്ന പാറ പ്രത്യേകയന്ത്രം ഉപയോഗിച്ചാണ് തീരത്ത് അടുക്കുന്നത്. വീടുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ശക്തിയോടെ കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകളെ പ്രതിരോധിക്കുന്നതിനാണിത്. 10 ലക്ഷം വീതമുള്ള രണ്ട് പ്രവൃത്തികൾ കൂടി ഉടനെ നടക്കും.
ഇതോടെ ഒറ്റമശേരിയിലെ കടലാക്രമണ ഭീഷണിക്ക് പരിഹാരമാകും. പുലിമുട്ട് നിർമിച്ച് തീരസുരക്ഷാപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കിഫ്ബി പദ്ധതി പിന്നാലെയെത്തും. തീരവാസികളുടെ പൂർണ സഹരണത്തോടെയാണ് ഇപ്പോഴത്തെ ജോലി പുരോഗമിക്കുന്നത്. പാറയുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലുണ്ട്.