പൊന്നാനി: കനത്ത മഴയിൽ പൊന്നാനി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കടലാക്രമണം അതിരൂക്ഷമായി. പൊന്നാനി മുല്ലാ റോഡിൽ മൂന്ന് വീടുകളും വെളിയങ്കോട് തണ്ണിത്തുറയിൽ മൂന്നു വീടുകളും പൂർണമായും കടലെടുത്തു. പൊന്നാനി സൗത്ത് മുല്ലാ റോഡിലെ പുതുവീട്ടിൽ നഫീസ, കുരിക്കളകത്ത് സുഹ്റ, കോയാമാടത്ത് ഹൗലത്ത്, തണ്ണിത്തുറയിൽ എടക്കഴിയൂർക്കാരൻ ഉമ്മർ, ഹംസ എന്നിവരുടെ വീടുകളാണ് തകർന്നത്. ഇന്നലെ വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടൽ, വൈകീട്ട് അതിരൂക്ഷമാവുകയും തുടർന്നു ശക്തമായ തിരമാലകളിൽപ്പെട്ടു വീടുകൾ നിലംപൊത്തുകയായിരുന്നു.
പതിനഞ്ചിലേറെ വീടുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുകയും ചെയ്തു. പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണമുണ്ടായി. പഴയ പുരക്കൽ ഉമൈബ, കേരൻറകത്ത് ബദ്രിയ, പടിഞ്ഞാറയിൽ നഫീസ, പുള്ളിന്റെ പാത്താൻകുട്ടി, തട്ടേക്കാരന്റെ സലാം, കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ, ബപ്പങ്ങാനകത്ത് ഹസൈനാർ എന്നിവരുടെ വീടുകൾ ഏതു നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്.
നിരവധി വീടുകളിലേക്കു കടൽവെള്ളം കയറി മണലും ചെളിയും നിറഞ്ഞു താമസയോഗ്യമല്ലാതായിട്ടുണ്ട്. കടലോരത്തെ 50 ലധികം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് ഏറെ തകർച്ച നേരിട്ടത്. ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ടു വീടുകളിലേക്കു ആഞ്ഞടിക്കുകയാണ്. അന്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്.
പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ മൂന്നു വീടുകൾ മണൽ മൂടിയ നിലയിലാണ്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാൻ റവന്യൂ വിഭാഗം ക്യാന്പുകൾ ഒരുക്കിയിട്ടുണ്ടെന്നു പൊന്നാനി തഹസിൽദാർ കെ.അൻവർ സാദത്ത് അറിയിച്ചു. എന്നാൽ വീടുകൾ തകർന്നവർ ബന്ധുവീടുകളിലേക്കാണ് മടങ്ങുന്നത്.
കടലാക്രമണ ബാധിത പ്രദേശങ്ങൾ റവന്യൂ വിഭാഗവും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സംസ്ഥാന മദ്രസ ക്ഷേമനിധി ബോർഡംഗവുമായ ഒ.ഒ.ഷംസു, മത്സ്യ ക്ഷേമനിധി ബോർഡംഗവും കൗണ്സിലറുമായ എ.കെ.ജബാർ തുടങ്ങിയവർ സന്ദർശിച്ചു.