തുറവൂർ: ഒറ്റമശേരി മേഖലയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ തീരദേശ റോഡ് ഉപരോധം തുടരുന്നു. ഇന്നലെ ആരംഭിച്ച ഉപരോധം രാത്രിയോടെ നിർത്തിയെങ്കിലും ഇന്ന് പുലർച്ചയോടെ ഉപരോധം വീണ്ടും ആരംഭിച്ചു. കടലാക്രമണം തടയുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.
പത്തോളം വീടുകൾ ഏതു സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുബങ്ങളെ മാറ്റിത്താമസിപ്പിക്കുവാനുള്ള നടപടി അധികൃതർ ആരംഭിച്ചുവെങ്കിലും മത്സ്യതൊഴിലാളികൾ മാറി താമസിക്കുവാൻ തയ്യാറായിട്ടില്ല.
ഇതിനായി ചേർത്തല തഹസിൽദാറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും തദ്ദേശവാസികളുടേയും യോഗം ചേർന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി തിലോത്തമൻ, ആലപ്പുഴ രൂപതാ സഹായമെത്രാൻ ജെയിംസ് ആനാപറന്പിൽ എന്നിവർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായി ഇവിടെ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി നിർമിക്കാത്തതും മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടത്താത്തതും തീരദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. കടലാക്രമണം ഉണ്ടാകുന്പോൾ നിരവധി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ജനങ്ങളുടെ ദുരിതമകറ്റാൻ യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല .
അർത്തുങ്കൽ ഹാർബർ വന്നതിനു ശേഷമാണ് ഒറ്റമശേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായത്. തിരയിളക്കത്തിൽ പ്രദേശത്തെ തീരമണൽ വൻ തോതിൽ കടലെടുത്തു പോകുന്നത് ഇവിടെ രൂക്ഷമായ രീതിയിൽ കടൽ കയറുന്നതിന് കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു .
ഹാർബറിന് സമാന്തരമായി തൈക്കൽ, ഒറ്റമശേരി, അന്ധകാരനഴി, ചാപ്പക്കടവ് പ്രദേശങ്ങളിൽ പുലിമുട്ട് നിർമിച്ചാൽ പ്രദേശത്തെ കടലാക്രമണം കുറക്കാൻ സാധിക്കും. കടലാക്രമണ പ്രദേശങ്ങൾ അധികൃതർ സന്ദർശിക്കുന്നുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടാകാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.