തുറവുർ: പള്ളിത്തോട് വടക്ക് ചാപ്പക്കടവിൽ കടൽ കര കവർന്നു. ഇന്നലെ ഉച്ചയോടെ ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിലേയ്ക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.
ചാപ്പക്കടവ് ഗ്യാപ്പിൽ കയറ്റി വച്ചിരുന്ന വള്ളങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. വള്ളങ്ങൾ കൂട്ടിയിടിച്ച് നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഏറെ വൈകിയും കടൽവെള്ളം ഇറങ്ങിപ്പോയിട്ടില്ല.ചെല്ലാനം ഭാഗത്തും രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെട്ടത്.
തീരദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഓഖിദുരന്തത്തിനു സമാനമായ അവസ്ഥയാണ് ചെല്ലാനത്ത് ഉണ്ടായിട്ടുള്ളത്. തീരദേശ റോഡ് കവിഞ്ഞും കിഴക്കോട് വെള്ളം കയറി.
കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടൽഭിത്തി താഴ്ന്ന പ്രദേശങ്ങളിലും അതിശക്തമായാണ് തിരമാല കരയിലേക്ക് ഇരച്ചുകയറിയത്. ഒരു ഉദ്യോഗസ്ഥരും ഇതുവരെയും ദുരന്ത സ്ഥലത്തക്ക് എത്താത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.