ചേർത്തല: കടലാമയുടെ മുട്ടകൾക്ക് കൂടും കാവലുമൊരുക്കി കാത്തിരുന്ന തീരവാസികൾക്ക് സാഫല്യത്തിന്റെ നിമിഷങ്ങൾ. പ്രജനനത്തിന് തീരത്തെത്തിയ കടലാമ ഇട്ട മുട്ടകൾ വിരിഞ്ഞു. 55 കടലാമ കുഞ്ഞുങ്ങളെ വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും സന്നദ്ധസംഘടനയുടെയും നേതൃത്വത്തിൽ കടലിലേക്കു വിട്ടു.
15 വർഷങ്ങൾക്കു ശേഷമാണ് അർത്തുങ്കൽ ഹാർബറിന് സമീപം കടലാമകൾ മുട്ടയിടാൻ എത്തുന്നത്. കഴിഞ്ഞ ജനുവരി 10നു മുട്ടയിടാൻ കടലാമ കരയിൽ എത്തിയതു ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. രാത്രിയോടെ എത്തിയ കടലാമ തീരത്ത് മണൽ കുഴിച്ച് മുട്ടയിട്ട ശേഷം കടലിലേക്കു മടങ്ങുകയായിരുന്നു.
വനം വകുപ്പിന്റെ നിർദേശപ്രകാരം കടലാമ സംരക്ഷണ സംഘടനയായ ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ പ്രവർത്തകരെത്തി കടലാമയുടെ മുട്ടയുടെ സംരക്ഷണം ഏറ്റെടുത്തു. മുട്ടകൾ അടങ്ങിയ കുഴിക്കുചുറ്റും മരത്തിന്റെ കമ്പുകൾകുത്തി സംരക്ഷണവേലി നിർമിച്ചും ചുറ്റും വലയിട്ട് മറ്റു മൃഗങ്ങളുടെ ഉപദ്രവം തടഞ്ഞു. യന്ത്രവത്കൃത ബോട്ടുകളുടെ വലയിലും എൻജിനിലുംപെട്ട് കടലാമ ചാകുന്നതിനാൽ വംശനാശ ഭീഷണി നേരിടുകയാണ്.
മത്സ്യസമ്പത്തിനു ഭീഷണിയായ കടൽ ചൊറികളെ ഭക്ഷിക്കുന്നതിൽ മുഖ്യപങ്ക് കടലാമയ്ക്കുണ്ട്. സെപ്റ്റംബർ മുതൽ മാർച്ചുവരെയാണ് കടലാമയുടെ പ്രജനനകാലം. പണ്ട് തീരത്തിന്റെ എല്ലാഭാഗത്തും ഇവ വരുമായിരുന്നെങ്കിലും കടൽഭിത്തിയുള്ളതിനാൽ ഇപ്പോൾ എത്താറില്ല. മുട്ട വിരിയാൻ 45 മുതൽ 60 ദിവസമാണ് വേണ്ടത്. അർത്തുങ്കലിലെ മുട്ടകൾ 52–ാം ദിവസം വിരിഞ്ഞതായും നാട്ടുകാർ പറഞ്ഞു.
മണ്ണിനടിയിൽ നിന്ന് മണ്ണുതുരന്നാണ് ഇവ പുറത്തേക്കു വരിക. ഇത്തരത്തിൽ വന്ന കുഞ്ഞുങ്ങളെയാണ് അധികാരികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കടലിലേക്ക് വിട്ടയച്ചത്. വംശനാശ ഭീഷണി നേരിടുന്നതിനാൽ വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തിൽ പെടുന്നതാണ് കടലാമ. കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സമ്മേളനം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹെർബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. :