ചാവക്കാട്: കടലാമ മുട്ടകൾ സംരക്ഷിച്ച് വിരിയിക്കാൻ നിർമിച്ച പുത്തൻകടപ്പുറത്തെ കടലാമ ഹാച്ചറി കടലേറ്റത്തിൽ തകർന്നു.ദിവസങ്ങളായി തുടരുന്ന കടലേറ്റത്തിലാണ് ഹാച്ചറി തകർന്നത്.പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതി നിർമിച്ചതായിരുന്നു ഹാച്ചറി.ഒരു വർഷം മുന്പ് കടലിൽ നിന്നും 100 മീറ്റർ ദൂരത്തിലാണ് സമിതി പ്രവർത്തകർ ഹാച്ചറി നിർമിച്ചത്.
നാലടി ഉയരത്തിൽ തറ കെട്ടി അതിൽ മണ്ണ് നിറച്ച് ചുറ്റും കന്പിവേലി കൊണ്ട് സംരക്ഷണം തീർത്തായിരുന്നു നിർമാണം. കടലേറ്റത്തിൽ ഹാച്ചറിയുടെ കടലിനോടു ചേർന്ന ഭാഗത്തെ അടിത്തറ തകർന്നു വീണു.കന്പിവേലിയും ഇളകിപോയി. 2017-ൽ സമിതി പ്രവർത്തകർ വിരിയാനായി സൂക്ഷിച്ചിരുന്ന 2000-ൽ പരം കടലാമമുട്ടകൾ വേലിയേറ്റത്തിൽ നശിച്ചിരുന്നു.ഇതേ തുടർന്നാണ് മുട്ടകളുടെ സംരക്ഷണത്തിനായി ഹാച്ചറി നിർമിക്കാൻ തീരുമാനിച്ചതെന്ന് സമിതി പ്രസിഡന്റ് പി.എ.സെയ്തുമുഹമ്മദ് പറഞ്ഞു.
ഒരു ലക്ഷം രൂപ ചെലവിട്ട് പ്രവർത്തകർ തന്നെയാണ് ഹാച്ചറി നിർമിച്ചത്.ഹാച്ചറി കടലെടുത്തതോടെ കടലാമ സംരക്ഷണത്തിനായി ഇനിയെന്തു ചെയ്യുമെന്ന ആശങ്കിയിലാണ് 16 വർഷമായി കടലാമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സമിതി പ്രവർത്തകർ.
കടലാമ ഹാച്ചറിക്ക് സമീപത്തുള്ള പുത്തൻകടപ്പുറം ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും കടലേറ്റത്തെ തുടർന്ന് ഏതുനിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ്.