ആലപ്പുഴ: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ പ്രജനനത്തിനായി തോട്ടപ്പള്ളി പല്ലന തീരങ്ങളിലേക്ക് എത്തിത്തുടങ്ങി. പല്ലന കുമാരകോടി ജംഗ്ഷനു പടിഞ്ഞാറു വശത്തുനിന്നും ഇന്നു പുലർച്ചെ 2.30 ഓടെ മുട്ടയിടാൻ തീരത്തെത്തിയ ഒലിവ് റിഡ് ലി ഇനത്തിൽ പെട്ട കടലാമ 142 മുട്ടകൾ കരയിൽ നിക്ഷേപിച്ച് കടലിലേക്കു മടങ്ങി. കടലാമ നിരീക്ഷണത്തിനായി എത്തിയ ഗ്രീൻ റൂട്ട്സ് പ്രവർത്തകരായ സജിജയമോഹൻ, എം.ആർ. ഓമനക്കുട്ടൻ, വി. പ്രശോഭ്കുമാർ എന്നിവരാണ് കടലാമ മുട്ടയിടാൻ കയറിയത് തിരിച്ചറിഞ്ഞത്.
ഏകദേശം ഒരു മണിക്കൂറോളം കടലാമയ്ക്കു മറ്റുശല്യങ്ങൾ ഉണ്ടാകാതിരിക്കാൻ കാവൽ നിന്ന് ഈ മുട്ടകൾ ശേഖരിച്ചു ഹാച്ചറിയിലേക്കു മാറ്റി. ഈ സീസണിൽ പല്ലന തീരത്തുനിന്നു മാത്രം മൂന്നുകൂട് കടലാമ മുട്ടകളാണ് ലഭിച്ചത്. ആലപ്പുഴ ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയാണ് ഗ്രീൻ റൂട്സ് പ്രവർത്തകർ കടലാമ സംരക്ഷണം നടത്തുന്നത്.
ഒരു തീരത്തുനിന്നും വിരിഞ്ഞുപോകുന്ന കടലാമകൾ മുട്ടയിടാറാകുന്പോൾ അതേ തീരത്തു തന്നെയാണ് എത്തുന്നത്. കഴിഞ്ഞ അഞ്ചാം തീയതി ഈ ആമ ഇതേ സ്ഥലത്ത് മുട്ടയിടാൻ എത്തിയിരുന്നു. സമീപവാസികളായ സുധി, സഹദേവൻ എന്നിവർ ഗ്രീൻ റൂട്സ് പ്രവർത്തകരെ വിവരമറിയിച്ചിരുന്നു.
എന്നാൽ അന്ന് ആമ മുട്ടയിടാതെ തിരികെ പോയി. മനുഷ്യ സാമീപ്യമോ തെരുവുനായ ശല്യമോ ഉണ്ടെങ്കിൽ ആമ മുട്ടയിടാതെ പോകാറുണ്ട്. മുട്ടകൾ ഇടാതെ ഒന്നരയാഴ്ച വരെ കൊണ്ടുനടക്കാൻ കടലാമയ്ക്കു കഴിയുമെന്ന് ഗ്രീൻ റൂട്സ് പ്രവർത്തകർ പറയുന്നു. മുട്ടയിടാൻ സാധിച്ചില്ലെങ്കിൽ അധികം താമസിയാതെ ഇതു മൃതിയടയും.
അതിന്റെ പ്രജനനതീരം കണ്ടെത്തിയാൽ തീരക്കടലിൽ തന്നെ ആമ കാത്തിരിക്കും. അനുകൂലമായ സമയത്ത് കരയിലെത്തി മുട്ടയിടുന്നതാണ് പതിവ്. മണ്ണിൽ എന്തെങ്കിലും തടസങ്ങളോ വെള്ളത്തിന്റെ സാന്നിധ്യമോ ഉണ്ടായാൽ അടുത്ത സ്ഥലത്ത് കുഴിക്കാൻ തുടങ്ങും. ചിലപ്പോൾ ഇത്തരത്തിൽ 20 കുഴിവരെ കടലാമ എടുക്കേണ്ടിയും വരാറുണ്ട്.
ആലപ്പുഴ ജില്ലയിലെ മറ്റു തീരങ്ങളെക്കാൾ പല്ലനയിലും തോട്ടപ്പള്ളിയിലും രാത്രികാലങ്ങളിൽ തീവ്രപ്രകാശം പരത്തുന്ന വിളക്കുകളും മനുഷ്യസാന്നിധ്യവും കുറവായതിനാലാണ് ഈ തീരം കടലാമയുടെ ഇഷ്ടപ്രദേശമായത്.
ഓഖി ചുഴലിക്കാറ്റിനു ശേഷം തോട്ടപ്പള്ളി തീരം ഒരു കിലോമീറ്റർ പ്രദേശത്ത് നഷ്ടമായതാണ് പല്ലന തീരക്ക് കടലാമകൾ ആകൃഷ്ടരാകാൻ കാരണം.